ന്യൂഡല്‍ഹി : ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചതിന് പുറമെ പയര്‍ വിത്തുകളും മുളപ്പിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി60 പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്. കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് (സിആര്‍ഒപിഎസ്) ഉപയോഗിച്ച് നടത്തിയ പരീക്ഷണം ബഹിരാകാശത്തെ സസ്യവളര്‍ച്ച മനസ്സിലാക്കുന്നതില്‍ നിര്‍ണായക പരീക്ഷണമാണ്.
പിഎസ്എല്‍വി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്‌സ് പേലോഡിലാണ് വന്‍പയര്‍ വിത്ത് മുളപ്പിച്ചത്. പിഎസ്എല്‍വി സി 60 പോയം ദൗത്യത്തിന്റെ ഭാഗമായിരുന്നു ക്രോപ്‌സും. സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിന് കീഴിലുള്ള വിത്ത് മുളയ്ക്കലും സസ്യ പോഷണവും പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഓട്ടോമേറ്റഡ് സംവിധാനമാണിത്. വിക്ഷേപണം കഴിഞ്ഞ് നാലാം ദിവസമാണ് മുള പൊട്ടിയത്. എട്ട് വിത്തുകളാണ് ബഹിരാകാശത്തേക്ക് അയച്ചത്.
തത്സമയം സസ്യവളര്‍ച്ച നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യകള്‍ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന റെസല്യൂഷന്‍ കാമറ ഇമേജിങ്, ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്ദ്രത ട്രാക്കിങ്, ആപേക്ഷിക ആര്‍ദ്രത അളക്കല്‍, താപനില നിരീക്ഷണം, മണ്ണിലെ ഈര്‍പ്പം വിലയിരുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.