ദുബൈയിൽ പണമിടപാട് നടത്താൻ ബാങ്ക് അക്കൗണ്ട് നൽകി; പ്രവാസിക്ക് തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ

ദുബൈ : മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ട് നൽകിയ സംഭവത്തിൽ കടുത്ത ശിക്ഷ വിധിച്ച് ദുബൈ കോടതി. ഏഷ്യക്കാരനായ പ്രതി മൂന്ന് വർഷം തടവും 1 ലക്ഷം ദിർഹം പിഴയും നൽകണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷാകാലാവധി പൂർത്തിയായാൽ പ്രതിയെ നാടുകടത്തണമെന്നും വിധിയിൽ പറയുന്നു.
രണ്ട് വർഷത്തേക്ക് പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണം. നിലവിൽ അക്കൗണ്ടിലുള്ള പണം മറ്റൊരാൾക്ക് കൈമാറാനോ, പണം നിക്ഷേപിക്കാനോ ഈ കാലാവയളവിൽ അനുമതി ഉണ്ടായിരിക്കില്ല. യു എ ഇ സെൻട്രൽ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിൽ മാത്രമേ അക്കൗണ്ടിൽ നിന്നുള്ള പണമിടപാടുകൾ നടത്താൻ പാടുള്ളു എന്നും കോടതി ഉത്തരവിൽ പറയുന്നു.
നാല് ഏഷ്യൻ പൗരന്മാർ ബർ ദുബൈയിലെ ഒരു വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നുള്ള വിവരത്തെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വീട് റെയ്ഡ് ചെയ്ത പൊലീസ് നിരവധി ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തു.
ഒരു ഏഷ്യൻ വിതരണക്കാരനിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വിൽപ്പനയിലൂടെ ലഭിച്ച പണം യുഎഇ ആസ്ഥാനമായുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. ഈ അക്കൗണ്ട് ഉടമയെ കണ്ടെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാൽ ഇതിൽ യാതൊരു പങ്കുമില്ലെന്നും മറ്റൊരാളെ സഹായിക്കാൻ വേണ്ടിയാണു അക്കൗണ്ട് വിവരങ്ങൾ കൈമാറിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
നിയമവിരുദ്ധമായ ഇടപാടുകൾക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ അനുവദിച്ചതിന് അക്കൗണ്ട് ഉടമ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന ആളുകൾക്കെതിരെ കർശന നടപടി തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



