കേരളംചരമം

എ വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച; നാളെ ഉച്ചക്ക് ജില്ല കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം

കോട്ടയം : അന്തരിച്ച സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ സംസ്‌കാരം ഞായറാഴ്ച. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ എത്തിക്കും. രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

എംവി റസലിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. സുസമ്മതനായ പൊതുപ്രവര്‍ത്തകനെയാണ് റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എവി റസല്‍ അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.

1981 മുതല്‍ സിപിഎം അംഗം. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000 – 05ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത മരുമകന്‍: അലന്‍ ദേവ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button