റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; എണ്ണവില വെട്ടിക്കുറച്ചു

ബ്രസിൽസ് : യുക്രൈനെതിരായ സംഘര്‍ഷം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ. അതിനുമുകളില്‍ വില നല്‍കിയാല്‍ ആ രാജ്യങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.
റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ ബാരലിന് 80 ഡോളറായിരുന്നപ്പോഴായിരുന്നു റഷ്യന്‍ എണ്ണയ്ക്ക് ഇയു 60 ഡോളര്‍ വിലപരിധി നിശ്ചയിച്ചത്. നിലവില്‍ രാജ്യാന്തരവില ശരാശരി 65 ഡോളറാണെന്നിരിക്കേ ഇയു 47.60 ഡോളറിലേക്ക് വില വെട്ടിക്കുറച്ചിരിക്കുന്നത്. യൂറോപ്യന്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുള്ള ഓയില്‍ ടാങ്കറുകള്‍ക്കും (എണ്ണക്കപ്പല്‍) ഇയുവിന്റെ ഉപരോധം ബാധകമാണ്. ഇവയും പുതിയ പരിധിയില്‍ കവിഞ്ഞ വിലയ്ക്ക് എണ്ണ നീക്കം ചെയ്യാന്‍ പാടില്ല. റഷ്യന്‍ എണ്ണ ടാങ്കറുകള്‍ക്കും ഉപരോധമുണ്ട്.
റഷ്യന്‍ എണ്ണയ്ക്ക് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാകും. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇത് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 35 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. നിലനില്‍ ഇന്ത്യ ഏറ്റവുമധികം ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ് (38-40%).
റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന് 49 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യന്‍ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാരയുടെ ഗുജറാത്തിലെ റിഫൈനറിയില്‍ നിന്നുള്ള എണ്ണയ്ക്കും ഉപരോധം ബാധകമാണെന്ന് ഇയു അറിയിക്കുന്നത്. റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികളിലൊന്നാണ് റിലയന്‍സ്.