യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുഎസിന് പകര തീരുവയുടെ പട്ടികയുമായി യൂറോപ്യൻ യൂണിയൻ

ബ്രസല്‍സ് : യുഎസുമായുള്ള വ്യാപാരചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറക്കുമതിത്തീരുവ ചുമത്തേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി യൂറോപ്യന്‍ കമ്മിഷന്‍. 7200 കോടി യൂറോവരുന്ന (7.2 ലക്ഷംകോടി രൂപ) യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്തുന്നതിനാണ് ഒരുങ്ങുന്നത്. ബോയിങ് വിമാനംമുതല്‍ ബര്‍ബണ്‍ വിസ്‌കിവരെ ഈ പട്ടികയിലുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ 30 ശതമാനം തീരുവ ഈടാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. അതിനുമുന്‍പ് 27 അംഗരാജ്യങ്ങള്‍ക്കയച്ച കത്തിലാണ് വിമാനംമുതല്‍ വിസ്‌കിവരെയുള്ള ഉത്പന്നങ്ങള്‍ തീരുവപ്പട്ടികയില്‍ യൂറോപ്യന്‍ കമ്മിഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, രാസവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വിവിധതരം മദ്യങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്. എന്നാല്‍, ഇവയുടെ തീരുവനിരക്ക് നിശ്ചയിച്ചിട്ടില്ല. പട്ടികയിലുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവചുമത്താന്‍ അംഗരാജ്യങ്ങള്‍ അനുമതിനല്‍കിയാലേ ഇതു നിശ്ചയിക്കൂ. ലഹരിപാനീയങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. യുഎസിനെ ആശ്രയിച്ചാണ് യൂറോപ്പിന്റെ മദ്യവ്യവസായം നിലനില്‍ക്കുന്നത് എന്നതാണ് കാരണം. തീരുവയുദ്ധം ഒഴിവാക്കാന്‍ ഓഗസ്റ്റ് ഒന്നിനുള്ളില്‍ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കാനുള്ള ചര്‍ച്ചകളിലാണ് യൂറോപ്യന്‍ യൂണിയന്‍.

അതിനിടെ, മെക്‌സിക്കോയില്‍നിന്നുള്ള തക്കാളിക്ക് 17 ശതമാനം തീരുവ ഉടന്‍ ചുമത്തുമെന്ന് യുഎസ് സര്‍ക്കാര്‍ പറഞ്ഞു. തീരുവ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ കരാറിലെത്താതെ അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. തീരുവയേര്‍പ്പെടുത്തുകവഴി മെക്‌സിക്കോയില്‍നിന്നുള്ള ഇറക്കുമതി കുറയുമെന്നും യുഎസിലെ തക്കാളികൃഷി വിപുലമാകുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. യുഎസിനു വേണ്ട തക്കാളിയുടെ 70 ശതമാനവും എത്തുന്നത് മെക്‌സിക്കോയില്‍നിന്നാണ്. തീരുവവരുന്നതോടെ യുഎസിലെ തക്കാളിവില ഉയരുമെന്ന് നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button