യൂറോപ്യൻ യൂണിയൻ വാർത്തകൾ

റഷ്യൻ വാതക ഇറക്കുമതി നിരോധിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ബ്രസൽസ് : മോസ്കോയ്‌ക്കെതിരായ 19-ാമത് ഉപരോധ പാക്കേജിന്റെ ഭാഗമായി, ആസൂത്രണം ചെയ്തതിനേക്കാൾ ഒരു വർഷം മുമ്പ്, 2027 ജനുവരി 1-നകം റഷ്യൻ എൽഎൻജി ഇറക്കുമതി നിരോധിക്കാൻ യൂറോപ്യൻ കമ്മീഷൻ നിർദ്ദേശിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാനും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാറ്റോ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കൂട്ടായി പ്രവർത്തിക്കാൻ സഖ്യത്തോട് ട്രംപ് അഭ്യർത്ഥിച്ചു. നാറ്റോ അംഗങ്ങൾ ഉപരോധങ്ങളിൽ യോജിച്ചാൽ താൻ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “എന്തായാലും, നിങ്ങൾ തയ്യാറാകുമ്പോൾ ഞാൻ ‘പോകാൻ’ തയ്യാറാണ്. എപ്പോഴാണ് എന്ന് പറഞ്ഞാൽ മതി?” അദ്ദേഹം ചോദിച്ചു.

തന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാത്തത് യുഎസിന്റെ വിഭവങ്ങളുടെ പാഴാക്കലായിരിക്കുമെന്ന് അദ്ദേഹം നാറ്റോക്ക് മുന്നറിയിപ്പ് നൽകി. “ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്താൽ, യുദ്ധം വേഗത്തിൽ അവസാനിക്കും, ആ ജീവനുകളെല്ലാം രക്ഷിക്കപ്പെടും! ഇല്ലെങ്കിൽ, നിങ്ങൾ എന്റെ സമയവും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സമയവും ഊർജവും പണവും പാഴാക്കുകയാണ്.”

ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ആഹ്വാനം. യുദ്ധം അവസാനിപ്പിക്കുന്നതിന് പുരോഗതിയില്ലെങ്കിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ മുൻനിര വാങ്ങലുകാരായ ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങൾക്ക് മേൽ സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button