റെക്കോർഡുകൾ ഭേദിച്ച് യൂറോപ്യൻ താപനില

പാരീസ് : മെഡിറ്ററേനിയൻ കടലിൽ ജലത്തിന്റെ താപനില ഈ സമയത്ത് സാധാരണമായ ശരാശരി നിലയെക്കാൾ ഒമ്പത് ഡിഗ്രി വരെ കൂടുതലാണ്. ഫ്രാൻസിന്റെ തെക്ക് ഭാഗം ഉൾപ്പെടെ പടിഞ്ഞാറൻ മെഡിറ്ററേനിയനിലാണ് ഏറ്റവും തീവ്രമായ ചൂട് . ഇതോടൊപ്പം സ്പെയിനിലും പോർച്ചുഗലിലും താപനില റെക്കോർഡുകൾ ഭേദിച്ചു.
മെറ്റിയോ ഫ്രാൻസിൽ നിന്നുള്ള താൽക്കാലിക റെക്കോർഡിംഗുകൾ പ്രകാരം തിങ്കളാഴ്ച നിരവധി പട്ടണങ്ങളും നഗരങ്ങളും 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുള്ള താപനില അനുഭവിച്ചു. 16 ഡിഗ്രി സെൽഷ്യസ് നിലനിന്നിരുന്ന സാഹചര്യത്തിൽ നിന്നാണ് 41 ഡിഗ്രിവരെ ഉയർന്നത്. പാരീസിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ റെഡ് അലേർട് ആയിരുന്നു.
പൊതുഗതാഗത സംവിധാനങ്ങളോ മുറികളോ ഇവിടെ ഉയർന്ന ചൂട് കൈകാര്യം ചെയ്യാനാവുന്ന വിധം സംവിധാനം ചെയ്യപ്പെട്ടതല്ല. ആവശ്യകത ഇല്ലെന്നതിനാൽ എ സി സംവിധാനവും അപൂർവ്വമാണ്.
സ്പെയിനിലെ എൽ ഗ്രനാഡോ പട്ടണത്തിൽ ഞായറാഴ്ച താപനില 46 ഡിഗ്രി സെൽഷ്യസായി (114.8 ഫാരൻഹീറ്റ്) ഉയർന്നു, ഇത് ജൂണിലെ പുതിയ ദേശീയ റെക്കോർഡാണെന്ന് സ്പെയിനിന്റെ ദേശീയ കാലാവസ്ഥാ സേവനമായ എഇഎംഇടി പറയുന്നു.
പോർച്ചുഗലിൽ ലിസ്ബണിന് 80 മൈൽ കിഴക്കുള്ള മോറ നഗരത്തിൽ 46.6 ഡിഗ്രി സെൽഷ്യസ് (115.9 ഫാരൻഹീറ്റ്) താപനില രേഖപ്പെടുത്തിയതായി രാജ്യത്തെ കാലാവസ്ഥാ സേവനമായ ഐപിഎംഎ അറിയിച്ചു. ഇത് ജൂണിലെ പുതിയ ദേശീയ റെക്കോർഡാണ്.
പാരീസ് സ്ഥിതി ചെയ്യുന്ന ഇലെ-ഡി-ഫ്രാൻസ് ഉൾപ്പെടെ 16 ഫ്രഞ്ച് പ്രവിശ്യകളിൽ ഏറ്റവും ഉയർന്ന പദവിയായ ചുവന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്. യു കെയിൽ തിങ്കളാഴ്ച താപനില 90 ഡിഗ്രി ഫാരൻ ഹീറ്റിന് മുകളിൽ ഉയർന്നു. 5% ൽ താഴെ വീടുകളിൽ എയർ കണ്ടീഷനിംഗ് ഉള്ള രാജ്യമാണ്.