യൂറോ കപ്പ് : ക്വാർട്ടർ ഫൈനലിൽ ജർമനിയെ വീഴ്ത്തി സ്പെയിൻ സെമിയിൽ
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിന്റെ ജയം

ബെര്‍ലിന്‍ : യൂറോ കപ്പിലെ ക്വാർട്ടർ ഫൈനലിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ ജർമനിയെ വീഴ്ത്തി സ്പെയിൻ സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിന്റെ ജയം.അധികസമയത്തായിരുന്നു സ്പെയിന്റെ വിജയഗോൾ പിറന്നത്. പകരക്കാരനായി കളത്തിലെത്തിയ മൈക്കൽ മെറിനോയാണ് 119-ാം മിനിറ്റിൽ ഹെഡറിലൂടെ വിജയഗോൾ കണ്ടെത്തിയത്.
ഇരുടീമുകളും തുടക്കം മുതൽ ആക്രമണഫുട്ബോളാണ് കാഴ്ചവച്ചത്. സ്പെയിനായി നിക്കോ വില്ല്യംസും യമാലും മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയതോടെ ജര്‍മനി പ്രതിരോധത്തിലായി. പലപ്പോഴും കളിയും പരുക്കനായി മാറി. ഇതോടെ പന്ത് കൈവശം വച്ച് ജര്‍മനി സ്പെയിനിനെ നേരിട്ടു.ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ജർമനിയെ ഞെട്ടിച്ചുകൊണ്ട് സ്പെയിൻ ആദ്യ ഗോൾ നേടിയത്. 51-ാം മിനിറ്റിൽ പകരക്കാരനായിയെത്തിയ ഡാനി ഒല്‍മോയാണ് ഗോൾ സ്കോറർ.
ഗോള്‍ വഴങ്ങിയതോടെ ജര്‍മനി മുന്നേറ്റം ശക്തമാക്കി. സ്ട്രൈക്കര്‍ നിക്ലാസ് ഫുള്‍ക്ക്റഗ്, ഫ്ലോറിയന്‍ വിര്‍ട്സ് തുടങ്ങി നാല് പേരെ ജര്‍മനി കളത്തിലിറക്കി. ഇവരുടെ നീക്കങ്ങളോടെ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ജർമനിക്കായി. എന്നാൽ ഗോൾ മാത്രം പിറന്നില്ല.89-ാം മിനിറ്റിലായിരുന്നു ജർമനിയുടെ സമനില ഗോൾ പിറന്നത്. ഫ്ളോറിയന്‍ വിര്ട്സിവലൂടെയാണ് ജര്‍മനി തിരിച്ചടിച്ചത്. ഇതോടെ മത്സരം അധികസമയത്തേയ്ക്ക് കടന്നു. അധികസമയത്തും ജർമനി തകർപ്പൻ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഗോൾ കീപ്പർ സിമോണിന്റെ തകര്‍പ്പന്‍ സേവുകളാണ് സ്പെയിനിനെ രക്ഷിച്ചത്.
കിട്ടിയ അവസരങ്ങളില്‍ സ്പെയിനും മുന്നേറ്റം ശക്തമാക്കി. ഒടുവിൽ 119-ാം മിനിറ്റില്‍ സ്പെയിന്റെ വിജയഗോൾ പിറന്നു. മൈക്കല്‍ മെറിനോ ഹെഡറിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ സ്പെയിന് സെമിയിൽ പ്രവേശിച്ചു.