സ്പോർട്സ്
യൂറോ കപ്പ് : പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ
മ്യൂണിക്ക് : പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയിൽ അവസാനിച്ചപ്പോൾ വിധി നിർണയിച്ചത് പെനാൽറ്റി. അഞ്ചിൽ അഞ്ച് കിക്കുകളും ഇംഗ്ലണ്ട് താരങ്ങൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ സ്വിസ് താരം മാനുവൽ അകാഞ്ചിയുടെ ഷോട്ട് തടുത്ത് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ് ഹീറോ ആയി. ഇംഗ്ലണ്ട് 5-3നു വിജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. നെതർലൻഡ്സാണ് അവസാന നാലിൽ അവരുടെ എതിരാളി.
ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ട് ടീമുകളും 5 മിനിറ്റ് വ്യത്യാസത്തിൽ ഗോൾ നേടി സമനില തുടർന്നു. സ്വിറ്റ്സർലൻഡാണ് ആദ്യം വല ചലിപ്പിച്ചത്. 75ാം മിനിറ്റിൽ എംബോളോയാണ് അവർക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ 80ാം മിനിറ്റിൽ ബുകായോ സകയിലൂടെ ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി കോൾ പാൽമർ, ജൂഡ് ബെല്ലിങ്ഹാം, ബുകായോ സക, ഇവാൻ ടോണി, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് എന്നിവർ ലക്ഷ്യം കണ്ടു.
സ്വിറ്റ്‌സർലൻഡിന്റെ ആദ്യ കിക്കെടുത്തത് അകാഞ്ചിയാണ്. എന്നാൽ താരത്തിന്റെ ഷോട്ട് കൃത്യമായി മനസിലാക്കി പിക്‌ഫോഡ് തടുത്തു. പിന്നീടെത്തിയ ഫാബിയൻ ഷാർ, ഷെർദാൻ ഷാഖിരി, സെകി അംഡൗനി എന്നിവർ ലക്ഷ്യം കണ്ടെങ്കിലും കാര്യമുണ്ടായില്ല.
കഴിഞ്ഞ കളിയിൽ നിന്നു വ്യത്യസ്തമായി പരിശീലകൻ സൗത്ത്ഗേറ്റ് പ്രതിരോധത്തിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ഇംഗ്ലണ്ടിനെ ഇറക്കിയത്. മത്സരം തുടങ്ങിയതു മുതൽ ഇരു പക്ഷവും ആക്രമിച്ചു മുന്നേറി. ബുകായോ സക വലതു വിങിൽ മിന്നും ഫോമിലായിരുന്നു. താരത്തിന്റെ ക്രോസുകൾ സ്വിസ് മുഖത്ത് ഭീതി പരത്തി. 14ാം മിനിറ്റിൽ ഡക്ലാൻ റൈസിന്റെ ഗോൾ ശ്രമം. താരത്തിന്റെ കിടിലൻ ഷോട്ട് സ്വിസ് പ്രതിരോധത്തിൽ അവസാനിച്ചു. തൊട്ടു പിന്നാലെ സ്വിസ് നിരയ്ക്കായി എംബോളയുടെ ശ്രമം. എന്നാൽ ഇംഗ്ലീഷ് പ്രതിരോധം അപകടം ഒഴിവാക്കി.
വിങുകൾ കേന്ദ്രീകരിച്ചാണ് ഇംഗ്ലണ്ട് ആക്രമിച്ചത്. സ്വിസ് ക്യാപ്റ്റൻ ഗ്രാനിത് ഷാക്കയുടെ നേതൃത്വത്തിൽ അവർ പൊരുതി നിന്നു. സ്വിറ്റ്സർലൻഡ് കൗണ്ടറുകളിലൂടെ ഇംഗ്ലണ്ടിനെ വെട്ടിലാക്കാനും നോക്കുന്നുണ്ടായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ എംബോളയ്ക്ക് വീണ്ടും അവസരം കിട്ടി. താരത്തിന്റെ ശ്രമം പക്ഷേ പിക്ഫോഡ് സേവ് ചെയ്തു. പിന്നീട് പന്ത് കൈവശം വച്ച് കളിക്കാൻ ഇരു പക്ഷവും ശ്രമിച്ചതോടെ ബോക്സിലേക്ക് കാര്യമായി പന്തെത്തിയില്ല. അതിനിടെയാണ് സ്വിറ്റ്സർലൻഡ് മത്സരത്തിൽ മുന്നിലെത്തുന്നത്.
വലതു വിങിൽ നിന്നു ഡാൻ എൻഡോയെ നൽകിയ ക്രോസിൽ നിന്നാണ് ഗോളിന്റെ പിറവി. ഇംഗ്ലണ്ട് പ്രതിരോധ താരം ജോൺ സ്റ്റോൺസ് ഈ ക്രോസ് തടയാൻ നീക്കം നടത്തി. എന്നാൽ താരത്തിന്റെ കണക്കുകൂട്ടൽ തെറ്റി. സ്റ്റോൺസിന്റെ കാലിൽ തട്ടിയ പന്ത് നേരെ എംബോളോയുടെ കാലിലാണ് കിട്ടിയത്. താരം അനായാസം പന്ത് വലയിലേക്ക് തൊടുത്തപ്പോൾ പിക്ഫോഡ് നിസഹായൻ.
എന്നാൽ സ്വിസ് ആഘോഷത്തിനു അഞ്ച് മിനിറ്റ് മാത്രമാണ് ആയുസുണ്ടായത്. വലതു വിങിലൂടെ മുന്നേറി താരം ബോക്സിനു പുറത്തു നിന്നു നീട്ടിയടിച്ച ഷോട്ട് സ്വിസ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ വലയിലേക്ക് കയറിയപ്പോൾ സ്വിറ്റ്സർലൻഡ് ഗോൾ കീപ്പർ യാൻ സോമ്മറിനു കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു. പിന്നീട് ഇരു പക്ഷവും ഗോളടിക്കാനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. അധിക സമയത്തും മാറ്റമുണ്ടായില്ല. പിന്നാലെയാണ് പെനാൽറ്റി വിധിയെഴുതിയത്.