ഫൈനൽ വിസിലിന് മുൻപ് സമനില ഗോൾ, സ്വിസ് പടയോട് പോയിന്റ് പങ്കുവെച്ച ജർമനി പ്രീക്വർട്ടറിൽ
ഫ്രാങ്ക്ഫുർട്ട് : യൂറോകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യൂറോ കപ്പിന്റെ ആതിഥേയരായ ജർമനിക്ക് സ്വിറ്റ്സർലൻഡിനെതിരെ അപ്രതീക്ഷിത സമനില. സ്കോർ: സ്വിറ്റ്സർലൻഡ്–1, ജർമനി–1. യുവതാരം ഡാൻ എൻഡോയെയാണു (28–ാം മിനിറ്റ്) സ്വിറ്റ്സർലൻഡിന്റെ ഗോൾ നേടിയത്.അവസാന നിമിഷം വരെ സമനില ഗോളിനായി പോരാടിയെ ജർമനിയെ രക്ഷിച്ചത് നിക്ലാസ് ഫുൾക്രൂഗാണ്. രണ്ടാം പകുതിയുടെ ഇൻജറി സമയത്താണ് (90+2) ഫുൾക്രൂഗ് സ്കോർ ചെയ്തത്.
സ്വിറ്റ്സർലൻഡിനെതിരെ സമനിലയാണെങ്കിലും ജർമനി രണ്ടു ജയവും ഒരു സമനിലയുമായി പ്രീക്വർട്ടറിൽ എത്തി. ഒരു ജയവും രണ്ടു സമനിലയുമായി സ്വിസ്സ് പടയും മുന്നേറിയപ്പോൾ മൂന്നു പോയിന്റുള്ള ഹങ്കരിക്ക് മറ്റു ഗ്രൂപ്പിലെ ഫലങ്ങൾ കൂടി അറിഞ്ഞാലേ മികച്ച മൂന്നാം സ്ഥാനക്കാരെന്ന ലേബലിൽ മുന്നേറാനാകൂ . ആദ്യ പകുതിയുടെ 18–ാം മിനിറ്റിൽ ജർമനിയുടെ ആൻഡ്രിച്ചിന്റെ ലോങ് ഷോട്ട് സ്വിസ് ഗോളി യാൻ സോമറിനെ മറികടന്ന് വലയിലെത്തിയെങ്കിലും ഇതിനു മുൻപുള്ള ഫൗളിൽ ഗോൾ അനുവദിച്ചില്ല. പിന്നാലെ 10 മിനിറ്റിള്ളിൽ സ്വിറ്റ്സർലൻഡ് ഗോൾ നേടി. പിന്നിൽ നിന്നു നടത്തിയ നീക്കത്തിനൊടുവിൽ റെമോ ഫ്രൂലർ നൽകി ക്രോസിനു കാൽവച്ച യുവതാരം ഡാൻ എൻഡോയാണ് സ്വിസ് ഗോൾ നേടിയത്.ഗോൾ വീണതിനു ശേഷമാണു ജർമനി കളിയുടെ താളം കണ്ടെത്തിയത്. സ്കോർ തുല്യമാക്കാൻ ജർമൻ താരങ്ങൾ ശ്രമിച്ചെങ്കിലും വെറ്ററൻ ഗോളി യാൻ സോമർ സ്വിറ്റ്സർലൻഡിന്റെ രക്ഷകനായി. ഒടുവിൽ ഫൈനൽ വിസിലിനു മിനിറ്റുകൾക്കു മുൻപാണു പകരക്കാരനായി എത്തിയ ഫുൾക്രൂഗ് ഗോൾ നേടി സ്കോർ സമനിലയാക്കിയത്.