വിദേശരാജ്യത്തെ ജയിലുകളിൽ 10152 ഇന്ത്യക്കാർ തടവിൽ : കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശരാജ്യത്തെ ജയിലുകളിൽ 10152 ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. ലോകത്തെ 86 രാജ്യങ്ങളിലായാണ് ഇവർ തടവിൽ കഴിയുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പാർലമെന്ററി സമിതിക്ക് മുൻപാകെയാണ് വ്യക്തമാക്കിയത്.
ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിയാണ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. വിശദമായ കണക്കുകൾ പാർലമെന്റിന്റെ ഇരു സഭകൾക്കു മുൻപിൽ സമിതി സമർപ്പിച്ചിട്ടുണ്ട്. വിദേശത്ത് തടവിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തുന്നുണ്ട് എന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്.
ചൈന, കുവൈത്ത്, നേപ്പാൾ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നൂറിലേറെ ഇന്ത്യക്കാർ വീതം തടവിൽ കഴിയുന്നുണ്ട്. സൗദി അറേബ്യയിലും യുഎഇയിലും ആയി രണ്ടായിരത്തിലേറെ ഇന്ത്യക്കാരാണ് ശിക്ഷിക്കപ്പെട്ടവരായും വിചാരണ കാത്തും ജയിലുകളിൽ കഴിയുന്നത്. ബഹറിൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലും ജയിലുകളിൽ നിരവധി ഇന്ത്യക്കാർ തടവിലുണ്ട്. അയൽ രാജ്യമായ നേപ്പാളിൽ 1317 ഇന്ത്യക്കാരാണ് തടവിൽ കഴിയുന്നത്. മലേഷ്യയിൽ 338 ഇന്ത്യക്കാരും ചൈനയിൽ 173 ഇന്ത്യക്കാരും തടവിൽ കഴിയുന്നുണ്ട്.
ഇന്ത്യയുമായി കുറ്റവാളി കൈമാറ്റത്തിന് കരാർ ഒപ്പിട്ട 12 രാജ്യങ്ങളിൽ 9 എണ്ണം അവിടങ്ങളിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയക്കാമെന്നും അവരുടെ തടവ് ശിക്ഷ ഇന്ത്യയിൽ പൂർത്തിയാക്കിയാൽ മതിയെന്നും നിലപാടെടുത്തിട്ടുണ്ട്. എന്നിട്ടും 2023 നും 2025 മാർച്ച് മാസത്തിനുമിടയിൽ വെറും എട്ട് പേരെയാണ് ഇത്തരത്തിൽ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റാനായത്. ഇറാനിൽ നിന്നും യുകെയിൽ നിന്നും മൂന്നുപേർ വീതവും കമ്പോഡിയ റഷ്യ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേരെയുമാണ് ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റിയത്.