ദേശീയംയൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്വതന്ത്ര വ്യാപാര കരാർ : തുടർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ സംഘം ഡൽഹിയിൽ

ന്യൂഡൽഹി : സ്വതന്ത്ര വ്യാപാര കരാറിൽ തുടർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ഡൽഹിയിൽ . സെപ്റ്റംബർ എട്ടിന് ആരംഭിച്ച സ്വതന്ത്ര വ്യാപാരകരാർ ചർച്ചയുടെ ഭാഗമായാണ് സന്ദർശനമെന്ന് അധികൃതർ വ്യക്തമാക്കി. യൂറോപ്യൻ വ്യാപാര കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചിന്റെയും കൃഷി കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെന്റെയും നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് ഇന്ത്യയിലെത്തിയത് . വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

ഇന്ത്യ-യു.എസ് വ്യാപാര ബന്ധം പ്രക്ഷുബ്ദമായി തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാർ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. അന്തിമഘട്ട ചർച്ചകളിലേക്ക് കടക്കുന്നതിനിടെ ഇരുവിഭാഗവും സുപ്രധാനമേഖലകളിലടക്കം സമവായത്തിലെത്തിയതായാണ് വിവരം.കാലാവസ്ഥാ നിയമങ്ങൾ കർശനമല്ലാത്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർബൺ-ഇന്റൻസീവ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി ബാധകമാക്കുന്ന കാർബൺ ബോർഡർ അഡ്ജസ്റ്റ്​മെന്റ് മെക്കാനിസം (സി.ബി.എ.എം) മാനദണ്ഡങ്ങളിലെ കടുത്ത നിബന്ധനകളാണ് കരാർ രൂപീകരണത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്ന്. അടുത്തിടെ യു.എസിന് സി.ബി.എ.എം മാനദണ്ഡങ്ങളിൽ യൂറോപ്യൻ യൂണിയൻ ഇളവനുവദിച്ചിരുന്നു. സമാനമായ ഇളവ് നേടിയെടുക്കാനാണ് ഇന്ത്യയുടെ നീക്കം. 2026 ജനുവരി ഒന്നുമുതൽ മാനദണ്ഡങ്ങൾ നിലവിൽ വരാനിരിക്കെ, ഇളവ് നേടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

എഫ്‌.ടി.എയുടെ 23 നയ മേഖലകളിൽ 11 എണ്ണത്തിൽ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ എട്ടുമുതൽ ബ്രസ്സൽസിൽ നടക്കുന്ന ചർച്ചകളിൽ വ്യാവസായിക മേഖലയിൽ ഇന്ത്യക്കും യൂറോപ്യൻ യൂണിയനുമിടയിലുള്ള സാ​ങ്കേതിക വെല്ലുവിളിയടക്കം വിഷയങ്ങൾ ചർച്ചയാവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.അരി, പഞ്ചസാര, പാലുൽപ്പന്നങ്ങൾ എന്നീ മേഖലകൾ കരാറിൽ നിന്ന് മാറ്റി നിർത്തു​മെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വാഹന വിപണിയിലും മദ്യവിപണിയിലും പങ്കാളിത്തം വർധിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ ശ്രമം. യു.എസ് താരിഫുമായി ബന്ധപ്പെട്ട ആശങ്ക നിലനി​ൽക്കെ, ഇന്ത്യയിൽ നിന്ന് സമുദ്രോൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതടക്കം വിഷയങ്ങളിൽ യൂറോപ്യൻ യൂണിയൻ ചർച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സെപ്റ്റംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയനും ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് വ്യാപാര ചർച്ചകൾ വേഗത്തിലാവുന്നത്. വർഷാവസാനത്തോടെ കരാർ അന്തിമമാക്കാനാണ് യൂറോപ്യൻ യൂണിയൻ ശ്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button