മദ്യനയ അഴിമതി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു.ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് സംരക്ഷണം വേണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു.
എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘‘കെജ്രിവാളിനെ ഡൽഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എ.എ.പി സർക്കാർ അവർക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന് ഒപ്പം നിൽക്കും. നിശബ്ദരായിരിക്കില്ല.’’ അതിഷി പറഞ്ഞു.
മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്രിവാളിന്റെ വീട്ടില്‍ ഇ.ഡി സംഘമെത്തുകയായിരുന്നു. സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ.ഡിയുടെ പ്രവേശം.
കെജ്രിവാളിന് അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാളിന്റെ അഭിഭാഷകസംഘം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നാളെയെ പരിഗണിക്കൂ.