കഴിഞ്ഞ വേനലിൽ മാൾട്ടയിൽ അനുഭവപ്പെട്ട വൈദ്യുത പ്രതിസന്ധിക്ക് എനിമാൾട്ടയെ പഴിച്ച് നാഷണൽ ഓഡിറ്റ് ഓഫീസ്
കഴിഞ്ഞ വേനലില്‍ മാള്‍ട്ടയില്‍ അനുഭവപ്പെട്ട വൈദ്യുത പ്രതിസന്ധിക്ക് എനിമാള്‍ട്ടയെ പഴിച്ച് നാഷണല്‍ ഓഡിറ്റ് ഓഫീസ്. ഇലക്ട്രിസിറ്റി ഗ്രിഡില്‍ എനിമാള്‍ട്ടയുടെ നിക്ഷേപം കുറഞ്ഞതാണ് കഴിഞ്ഞ വേനല്‍ക്കാലത്തെ പവര്‍കട്ടിന് കാരണമായതെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ വിലയിരുത്തല്‍. 2014 മുതല്‍ ഗ്രിഡിലെ നിക്ഷേപം കുറയുകയാണെന്നും ഉയര്‍ന്ന താപനിലയും ഡിമാന്‍ഡും ഉള്ള വേനല്‍ക്കാലങ്ങളില്‍ ഊര്‍ജ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഈ തീരുമാനം വഴിവെച്ചുവെന്നുമാണ് എനിമാള്‍ട്ടയുടെ ആസൂത്രണ-നിക്ഷേപ അവലോകനത്തില്‍ ഓഡിറ്റര്‍ പറയുന്നത്.
കടുത്ത താപനിലയ്ക്കിടയില്‍ കഴിഞ്ഞ വേനലില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരാഴ്ചയിലേറെ വൈദ്യുതി മുടങ്ങിയിരുന്നു.2014 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനലായിരുന്നു കഴിഞ്ഞവര്‍ഷത്തിലേത്. ഈ സമയത്താണ് വൈദ്യുത വിതരണം തടസ്സപ്പെട്ടത്.
2015 മുതല്‍, ഗ്രിഡിനായി അനുവദിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് എനിമാള്‍ട്ട ചെലവഴിച്ചത്. അതായത്, അനുവദിച്ച തുകയുടെ പകുതി മാത്രമാണ് എനി മാള്‍ട്ട ചെലവഴിച്ചത് എന്നാണു എന്‍.ഒ.ഒയുടെ വിലയിരുത്തല്‍. അതേസമയം, ഓരോ വര്‍ഷവും നല്‍കുന്ന പുതിയ കണക്ഷനുകളുടെ ‘എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ 2,90,000 പുതിയ വൈദ്യുത കണക്ഷന്‍ ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം ഇത്
380,000 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ഇതിനു ആനുപാതികമായ നിക്ഷേപം എനിമാള്‍ട്ട നടത്തുന്നില്ല.
എന്നാല്‍, ഈ കണ്ടെത്തലുകള്‍ തള്ളിക്കളയുകയാണ് എനിമാള്‍ട്ട ചെയ്യുന്നത്. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും വോള്‍ട്ടേജും മൂലം കേബിളുകള്‍ തകരാറിലായതാണ് പവര്‍ കട്ടിലേക്ക് വഴിവെച്ചതെന്നാണ് എനി മാള്‍ട്ടയുടെ പക്ഷം. ഉയര്‍ന്ന താപനില കാരണം മെഡിറ്ററേനിയന്‍ മേഖലയിലുടനീളമുള്ള മറ്റ് ഊര്‍ജ്ജ കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം സമാനമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് എനിമാള്‍ട്ട ചൂണ്ടിക്കാട്ടി. മൊത്തം 14,000-ല്‍ 83 ഹൈ-വോള്‍ട്ടേജ് ജോയിന്റുകള്‍ മാത്രമാണ് തകരാറിലായത്. ഇത് നെറ്റ്വര്‍ക്കിന്റെ 0.6% ല്‍ താഴെയാണ്. നെറ്റ്വര്‍ക്ക് തുടര്‍ച്ചയായി അപ്ഗ്രേഡുചെയ്തുവെന്നും ഇല്ലായിരുന്നെങ്കില്‍ 2023-ന് മുമ്പ് ക്രമാതീതമായി മോശമായ തകരാറുകള്‍ സംഭവിക്കുമായിരുന്നുവെന്നും കമ്പനി ഊന്നിപ്പറഞ്ഞു.