അപകട സാധ്യത; വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് വിലക്കി എമിറേറ്റ്‌സ് എയർലൈൻസ്

ദുബൈ : വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്. ഈ വർഷം ഒക്ടോബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. 100 വാട്ട് ഹവേഴ്സ് (watt hours) താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൈവശം വയ്ക്കാൻ അനുമതി നൽകുമെങ്കിലും വിമാനത്തിൽ അത് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇനി മുതൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനും അനുവദിക്കില്ല. പവർ ബാങ്കിൽ അതിന്റെ വാട്ട് ഹവേഴ്സ് അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ അത് വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. പവർ ബാങ്കുകൾ സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിന്റെ അടിയിലുള്ള ബാഗിലോ വയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികളാണ് പവർ ബാങ്കുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച് അമിതമായി ചാർജ് ചെയ്യുമ്പോൾ പവർ ബാങ്കുകൾ തീപിടിക്കാനോ,പൊട്ടിത്തെറിക്കാനോ സാധ്യത ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതെന്നും അധികൃതർ അറിയിച്ചു.