പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായ് അന്തരിച്ചു

ലണ്ടന്‍ : പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2008-ല്‍ മേഘ്നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഗുജറാത്തില്‍ ജനിച്ച മേഘ്നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജരില്‍ ഒരാളാണ്. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. 1965 മുതല്‍ 2003 വരെ ദേശായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു.
പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആകുകയും ചെയ്തു. 1992-ല്‍ അദ്ദേഹം എല്‍എസ്ഇയില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് സ്ഥാപിച്ചു. എല്‍എസ്ഇയുടെ ഡവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയില്‍ ഒരു ക്രോസ്‌ബെഞ്ച് പിയര്‍ ആയി.
1971-ല്‍ ലേബര്‍പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1991 ജൂണില്‍ യുകെ പ്രഭുപദവി നല്‍കുകയും ലോര്‍ഡ് ദേശായി ഓഫ് സെന്റ് ക്ലെമന്റ് ഡേന്‍സ് എന്നപേരില്‍ പ്രഭുസഭയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1986 മുതല്‍ 1992 വരെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. ഗാന്ധിപ്രതിമാ സ്മാരകട്രസ്റ്റിന്റെ സ്ഥാപകട്രസ്റ്റി എന്നനിലയില്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.
1970-കളുടെ തുടക്കം ദേശായി മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു. ‘മാര്‍ക്‌സിയന്‍ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്ഗീത’, ‘നെഹ്‌റുസ് ഹീറോ ദിലീപ്കുമാര്‍’ തുടങ്ങിയവ മേഘ്‌നാഥ് ദേശായിയുടെ ശ്രദ്ധേയ കൃതികളാണ്. 200-ലധികം അക്കാദമിക് ലേഖനങ്ങളും രചിച്ചിട്ടുണ്ട്.