എക്സിന്റെ ഉടമസ്ഥാവകാശം ഇലോൺ മസ്ക് എക്സ്എഐക്ക് കൈമാറി

ന്യൂയോർക്ക് : സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമസ്ഥാവകാശം ഇലോൺ മസ്ക് തന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കമ്പനിയായ എക്സ്എഐക്ക് കൈമാറി. 33 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെയായിരുന്നു കൈമാറ്റം. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സാധ്യതകൾ എക്സിൽ കൂടുതൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നും ഇത് അനന്തസാധ്യതകളാണ് തുറക്കുകയെന്നും മസ്ക് വ്യക്തമാക്കി.
2022ലാണ് ഇലോൺ മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയത്. തുടർന്ന് എക്സ് എന്ന പേരാക്കി മാറ്റുകയായിരുന്നു. എക്സ് സ്വന്തമാക്കി ഒരു വർഷത്തിന് ശേഷമാണ് എക്സ് എഐ ആരംഭിക്കുന്നത്.
എക്സ് എഐയുടെയും എക്സിന്റെയും ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് മസ്ക് വ്യക്തമാക്കി. ഡാറ്റ, മോഡലുകൾ, വിതരണം, കഴിവ് എന്നിവ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. രണ്ട് കമ്പനികളെയും ലയിപ്പിക്കുന്നത് കോടിക്കണക്കിന് ആളുകൾക്ക് സത്യം അന്വേഷിക്കുകയും അറിവ് വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കൂടുതൽ മികച്ചതും അർത്ഥവത്തായതുമായ അനുഭവങ്ങൾ സൃഷ്ടിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.