ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിലെ വീഴ്ച; എലോൺ മസ്കിന് സമൻസ്, പാരിസിലെ എക്സ് ഓഫീസുകളിൽ റെയ്ഡ്

പാരിസ് : ടെസ്‌ല സിഇഒയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ന്റെ ഉടമയുമായ എലോൺ മസ്കിന് ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ സമൻസ്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാജ ഡീപ് ഫേക്ക് ദൃശ്യങ്ങൾ തടഞ്ഞില്ല തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങളിലാണ് നടപടി.
ഇതിന്റെ ഭാഗമായി പാരിസിലെ ‘എക്സ്’ ഓഫീസുകളിൽ അധികൃതർ ചൊവ്വാഴ്ച റെയ്ഡ് നടത്തി. ചോദ്യം ചെയ്യലിനായി ഏപ്രിൽ 20-ന് ഹാജരാകാനാണ് മസ്കിനും മുൻ സിഇഒ ലിൻഡ യാക്കാരിനോയ്ക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം പ്ലാറ്റ്‌ഫോമിലെ മറ്റ് ഉദ്യോഗസ്ഥരെയും സാക്ഷികളായി വിളിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഫ്രഞ്ച് നിയമങ്ങൾ പാലിക്കുന്നതിൽ പ്ലാറ്റ്‌ഫോം വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അന്വേഷണം. പ്ലാറ്റ്‌ഫോമിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ വഴി ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ദൃശ്യങ്ങൾ പ്രചരിച്ചതായും ഹോളോകോസ്റ്റ് നിഷേധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ വന്നതായും പ്രോസിക്യൂട്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, പ്ലാറ്റ്‌ഫോമിലെ അൽഗോരിതങ്ങൾ പക്ഷപാതപരമാണെന്നും ഇത് വിവരശേഖരണ സംവിധാനങ്ങളെ അട്ടിമറിക്കുന്നുവെന്നും ഫ്രഞ്ച് പാർലമെന്റ് അംഗം പരാതി നൽകിയിരുന്നു.
പരാതികൾ ഗൗരവകരമാണെന്നും ഫ്രഞ്ച് നിയമങ്ങൾക്കനുസൃതമായി പ്ലാറ്റ്‌ഫോമിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, റെയ്ഡിനോടോ സമൻസിനോടോ എലോൺ മസ്കോ എക്സ് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്വേഷണം തുടരുന്നതിനിടയിൽ, പാരിസ് പ്രോസിക്യൂട്ടർ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോം വിടുന്നതായും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങൾ പങ്കുവെക്കുമെന്നും പ്രഖ്യാപിച്ചു.



