പോസ്റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണില്ല , ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പോസ്‌റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണണം എന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്‌റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണുക എന്നത് പ്രായോഗികം അല്ലെന്നാണ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്ന നിലപാട്.
പോസ്‌റ്റൽ ബാലറ്റുകൾ കൃത്യമായി സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ടെന്നും അതുകൊണ്ട് തന്നെ കൃത്രിമം നടക്കുമെന്ന വാദത്തിൽ കഴമ്പില്ലെന്നുമാണ് കമ്മീഷൻ പറയുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചത്.വോട്ടെണ്ണൽ കൂടുതൽ സുതാര്യമാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ ഈ നീക്കം. എന്നാൽ ഇതിനോട് അനുകൂലമായല്ല കമ്മീഷൻ പ്രതികരിച്ചത്. ഇതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെയും കമ്മീഷനെയും അപമാനിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം എന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.
പോസ്‌റ്റൽ ബാലറ്റുകളുടെ വിഷയം കൂടാതെ വേറെയും ആവശ്യങ്ങൾ ഇന്ത്യ സഖ്യം മുന്നോട്ട് വച്ചിരുന്നു. 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം ആദ്യം പോസ്‌റ്റൽ ബാലറ്റുകൾ എണ്ണുന്നതിനെക്കുറിച്ചും സിസിടിവി നിരീക്ഷണത്തിലുള്ള കൺട്രോൾ യൂണിറ്റുകളുടെ സുരക്ഷിതമായ ചലനം ഉറപ്പാക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷം കമ്മീഷനോട് വ്യക്തത തേടിയിരുന്നു.കൺട്രോൾ യൂണിറ്റുകളിലെ തീയതി/സമയം പരിശോധിച്ചുറപ്പിക്കാനും വോട്ടിംഗ് ആരംഭ/അവസാന സമയങ്ങൾ സ്ഥിരീകരിക്കാനും സ്ലിപ്പുകൾ, ടാഗുകൾ, കൗണ്ടിംഗ് ഏജൻ്റുമാർക്കുള്ള വിശദാംശങ്ങൾ എന്നിവ വെളിപ്പെടുത്താനും ഇന്ത്യ സഖ്യത്തിലെ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.