ചൈനയിലെ സ്കൂളിൽ കത്തിയാക്രമണം

ബെയ്ജിംഗ് : കിഴക്കൻ ചൈനയിലെ സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുൻ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജിയാംഗ്സു പ്രവിശ്യയിലെ യിക്സിംഗ് നഗരത്തിലെ വുക്സി വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് ടെക്നോളജിയിൽ വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് യിക്സിംഗിലെ പോലീസ് പറഞ്ഞു.
സ്കൂളിലെ 21 കാരനായ മുൻ വിദ്യാർഥിയാണ് പ്രതി. ഈ വർഷം ബിരുദം പൂർത്തിയാക്കാനായിരുന്നു ഈ വിദ്യാർഥിയുടെ പദ്ധതിയെങ്കിലും പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. ഇതാകാം ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.