ഇക്വഡോർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥി ഡാനിയൽ നോബോവയ്ക്ക് ജയം

ക്വിറ്റോ : ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥി ഡാനിയൽ നോബോവയ്ക്ക് ജയം. നിലവിൽ പ്രസിഡന്റായ നൊബോവ പ്രിലിമിനറി ഫലങ്ങൾ പ്രകാരം ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് എതിർപക്ഷം രംഗത്തുവന്നു.
90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ നോബോവയ്ക്കാണ് മുൻതൂക്കമെന്നും വിജയിയായി കണക്കാക്കുന്നുവെന്നും നാഷണൽ ഇലക്ടറൽ കൗൺസിൽ പ്രസിഡന്റ് ഡയാന അറ്റമൈന്റ് ഞായറാഴ്ച പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇടതുപാർടിയായ സിറ്റിസൺ റവല്യൂഷൻ മൂവ്‌മെന്റിന്റെ ലൂയിസ ഗോൺസാലസ് വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടത്. നാഷണൽ ഇലക്ടറൽ കൗൺസിൽ പ്രഖ്യാപിച്ച റിസൾട്ട് വിശ്വസനീയമല്ലെന്നും തള്ളിക്കളയുന്നുവെന്നും ലൂയിസ ഗോൺസാലയും അനുയായികളും വ്യക്തമാക്കി. ഇക്വഡോർ ദേശീയ അസംബ്ലി അംഗമായ ലൂയിസ (47) പ്രമുഖ അഭിഭാഷകയാണ്. 2023ലെ പൊതുതെരഞ്ഞെടുപ്പിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
ഫെബ്രുവരിയിൽ നടന്ന ആദ്യവട്ട വോട്ടെടുപ്പിൽ ലൂയിസ ഗോൺസാലസ് 43.9 ശതമാനം വോട്ടും ഡാനിയൽ നോബോവ 44.2 ശതമാനം വോട്ടുമാണ് നേടിയത്. ആർക്കും 50 ശതമാനം വോട്ട് നേടാൻ കഴിയാതെ വന്നതോടെയാണ് ഏപ്രിലിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടന്നത്.