നേപ്പാളിൽ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

കാഠ്മണ്ഡു : നേപ്പാളിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ആളപായമില്ല. റിക്ടർ സ്കെയിലിൽ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലാണ്.
സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡയിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വെബ്സൈറ്റിൽ അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും ചൈനയിലെ ടിബറ്റിലും ഭൂചലനം അനുഭവപ്പെട്ടു.
സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അധികൃതർ ഭൂചലന ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.