കണ്ണൂര്‍ റിജിത്ത് വധക്കേസ് : ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍ : കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ . തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
കേസില്‍ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇവര്‍ മുഴുവന്‍ പേരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതി അജീഷ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഒമ്പത് പേരും കൊലപാതകത്തിൽ കുറ്റക്കാരാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (50), കോത്തല താഴെ വീട്ടിൽ കെ.ടി. ജയേഷ് (35), വടക്കെ വീട്ടിൽ വി.വി. ശ്രീകാന്ത് (40), പുതിയ പുരയിൽ പി.പി. അജീന്ദ്രൻ (44), ഇല്ലിക്കൽ വളപ്പിൽ ഐ.വി. അനിൽകുമാർ (45), പുതിയ പുരയിൽ പി.പി. രാജേഷ് (39), കോത്തല താഴെ വീട്ടിൽ അജേഷ് (34), ചാക്കുള്ള പറമ്പിൽ സി.പി. രഞ്ജിത്ത് (39), വടക്കെവീട്ടിൽ വി.വി. ശ്രീജിത്ത് (40), തെക്കേ വീട്ടിൽ ടി.വി. ഭാസ്കരൻ (60) എന്നിവരാണ് കേസിലെ പ്രതികൾ.
2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടി കൊലപ്പെടുത്തിയത്. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുടെയുണ്ടായ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു.