ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൊച്ചിയിൽ ഡബിള്‍ ഡെക്കര്‍ ബസ് ഈ മാസം 13 മുതല്‍

കൊച്ചി : തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ ‘നഗരക്കാഴ്ചകള്‍’ ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
വൈകിട്ട് ആറിന് ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കമാകുക. ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസാണ് സര്‍വീസ് നടത്തുന്നത്. ബസിന്റെ ട്രെയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു.
മേല്‍ഭാഗം തുറന്ന ബസില്‍ ഇരുന്ന് കാഴ്ചകള്‍ കാണാന്‍ പറ്റുന്ന നഗരത്തിന്റെ റൂട്ടുകളാണ് പരിഗണിച്ചത്. ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ തുടങ്ങുന്ന യാത്ര തേവര, കൊച്ചിന് പോര്‍ട്ട് ട്രെസ്റ്റ് അവന്യൂ വഴി വോക്ക് വെയില് എത്തി തിരിച്ച് മഹാരാജാസ് കോളജിന്റെ മുന്നിലൂടെ ഹൈക്കോടതി ജംങ്്ഷന്‍ ഗോശ്രീ പാലം വഴി കാളമുക്ക് ജംങ്ഷന് വരെ സര്‍വീസ് നടത്തുന്ന രീതിയിലാണ് ആദ്യ റൂട്ട്.
യാത്രാ നിരക്ക് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ച് മുതല്‍ 8.30 വരെയാകും യാത്ര.