പലസ്തീൻ ജനത ഒഴിഞ്ഞ് പോകണം; ഗസ്സ അമേരിക്ക ഏറ്റെടുക്കും : ട്രംപ്
വാഷിങ്ടൺ ഡിസി : ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി. മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ഒന്നാം ഘട്ട വെടിനിർത്തൽ കരാറാണ് ഇരു നേതാക്കൾ പ്രധാനമായും ചർച്ച ചെയതത്. ട്രംപ് അധികാരമേറ്റതികന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. യുദ്ധം ഗസ്സയെ മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഇടമാക്കി. പലസ്തീൻ ജനത എന്നെന്നേക്കുമായി ഒഴിഞ്ഞുപോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഗസ്സയിൽ ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. വെടിയേൽക്കാതെ, കൊല്ലപ്പെടാതെ നല്ലയിടങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ പലസ്തീനികൾക്ക് കഴിയണമെന്ന് ട്രംപ് പറഞ്ഞു.
പലസ്തീൻകാരെ സ്വീകരിക്കാൻ ഈജിപ്റ്റും ജോർദാനും തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം. ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. രണ്ടാംഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും. അതേസമയം പലസ്തീൻകാർ ഗസ്സ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.