പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : അമേരിക്കയിലെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാര്‍ക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ‘സ്വാതന്ത്ര്യത്തിനുള്ള ശക്തമായ ശബ്ദവും എതിരാളികളോട് ഒരിക്കലും പിന്‍മാറാത്ത ഭയരഹിതനായ യോദ്ദാവുമാണ് റൂബിയോ’ ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
അറ്റോര്‍ണി ജനറലയി മാറ്റ് ഗേറ്റ്‌സിനെയും തുള്‍സി ഗാബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായും നിയമിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുന്‍ ഡെമോക്രാറ്റിക് ജനപ്രതിനിയാണ് തുള്‍സി ഗാബാര്‍ഡ്.
അധികാര കൈമാറ്റത്തിന് മുന്‍പായി വൈറ്റ് ഹൗസിലെത്തി ട്രംപ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. റിപ്പബ്ലിക്കന്‍ നേതാവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയാണ് യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്നത്. ട്രംപിന് 312 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടിയിരുന്നത്.