ഒരേസമയം രണ്ടുകാലുകളും പാന്‍റ്സിലേക്ക് കയറ്റും; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് വിഡിയോ പങ്കുവച്ച് ഡോൺ പെറ്റിറ്റ്

പാന്‍റ് ധരിക്കാന്‍ ഏളുപ്പമാണ്, എന്നാല്‍ നിന്നുകൊണ്ട് ഒരേസമയം രണ്ട് കാലുകളും പാന്‍റ്സിലേക്ക് കയറ്റുക എന്നത് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ചിന്തിക്കാന്‍ മാത്രമല്ല, ബഹിരാകാശത്ത് ഇത് അനായാസം പ്രാവര്‍ത്തികമാക്കാനും പറ്റും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിശേഷങ്ങള്‍ എപ്പോഴും കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കാണുന്നത്. അവിടെ നടക്കുന്ന പല കാര്യങ്ങളും ലോകത്തിന് എന്നും അദ്ഭുതവും അവശ്വസനീയവുമായ കാര്യങ്ങളാണ്. സീറോ-ഗ്രാവിറ്റിയിലെ പല സംഭവങ്ങളും നിലയത്തിലെ സഞ്ചാരികൾ വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഭൂമിയിലുള്ളവർക്ക് ചെയ്യാന്‍ കഴിയാത്ത പലകാര്യങ്ങളും ബഹിരാകാശത്ത് നടക്കുമെന്ന രീതിയിലാണ് വിഡിയോ പുറത്തുവിട്ടത്.
മനുഷ്യർക്ക് ഭൂമിയിൽ നിന്നുകൊണ്ട് ഒരു പാന്‍റ്സ് ധരിക്കണമെങ്കിൽ ചില്ലറ കഠിനപ്രയത്നം അല്ല വേണ്ടിവരുന്നത്. ഒരേസമയം രണ്ട് കാലുകളും പാൻറ്‌സിലേക്ക് നിന്നുകൊണ്ട് കയറ്റുക എന്നത് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. അല്ലെങ്കിൽ അമാനുഷിക ശക്തിയുള്ളവരാവണം അവർ.
എന്നാൽ ബഹിരാകാശത്ത് ഇതെല്ലാം വളരെ നിസാരമായ കാര്യമാണ്. സീറോ-ഗ്രാവിറ്റിയായതുകൊണ്ട്, രണ്ട് കാലുകളും നിങ്ങൾക്ക് ഒരേസമയം പാൻറ്‌സിലേക്ക് പ്രവേശിപ്പിക്കാൻ അനായാസം സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
വിശ്വസിക്കാത്തവര്‍ക്കായി ഇതിന്‍റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. എക്സ് അക്കൗണ്ടിലൂടെയാണ് പെറ്റിറ്റ് വിഡിയോ പങ്കുവച്ചത്. ‘ടു ലെഗ്‌സ് അറ്റ് എ ടൈം’ എന്ന അടികുറിപ്പോടെയാണ് പെറ്റിറ്റ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് ഈ വിഡിയോ കണ്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള കൗതുകകരമായ അനേകം ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് എത്തിക്കുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് സഞ്ചാരിയായ ഡോൺ പെറ്റിറ്റ്.