യൂറോപ്യൻ യൂണിയൻ വാർത്തകൾ

അനധികൃത കുടിയേറ്റം : യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാകും

ലണ്ടന്‍ : നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമായി, യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി യുകെയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുമെന്നും പൗരന്മാര്‍ക്ക് അനവധി പ്രയോജനങ്ങള്‍ ലഭിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

ഓരോ രാജ്യത്തിനും അതിന്റെ അതിര്‍ത്തികളില്‍ നിയന്ത്രണം ആവശ്യമാണ് എന്നതാണ് ലളിതമായ സത്യം. നമ്മുടെ രാജ്യത്ത് ആരാണുള്ളതെന്ന് നമ്മള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സുരക്ഷിതമായ അതിര്‍ത്തിയും നിയന്ത്രിത കുടിയേറ്റവും ന്യായമായ ആവശ്യങ്ങളാണ്, ഈ സര്‍ക്കാര്‍ അത് കേള്‍ക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഐഡി യുകെയ്ക്ക് ഒരു വലിയ അവസരമാണ്. ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുകയും നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും. കൂടാതെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ കഴിയുന്നത് പോലുള്ള എണ്ണമറ്റ പ്രയോജനങ്ങള്‍ സാധാരണ പൗരന്മാര്‍ക്ക് നല്‍കും’ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനകരമാണെന്ന് ഉറപ്പാക്കും. ഈ വര്‍ഷം അവസാനം ഇതുസംബന്ധിച്ചുള്ള കൂടിയാലോചന ആരംഭിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യക്തികള്‍ ഐഡി കൈവശം വെക്കുന്നത് ഹാജരാക്കേണ്ടതും നിര്‍ബന്ധമല്ല. പക്ഷേ യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കും.

ഡിജിറ്റല്‍ ഐഡി ആളുകളുടെ ഫോണുകളില്‍ സൂക്ഷിക്കാന്‍ കഴിയും. ഇതില്‍ വ്യക്തിയുടെ പേര്, ജനനത്തീയതി, ദേശീയത അല്ലെങ്കില്‍ താമസ സ്ഥലം, ഫോട്ടോ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തണോ എന്നത് കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമാകൂവെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button