ശാസ്താംകോട്ടയില്‍ ഐലന്‍ഡ് എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം

കൊല്ലം : വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ യാത്രക്കിടെ ആക്രമണം. ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം ശാസ്താംകോട്ടയില്‍ വെച്ചാണ് സംഭവം.
ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് അതിക്രമം. ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനെയാണ് ആക്രമിച്ചത്. നാസറിനെ ആക്രമിച്ചശേഷം അക്രമി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നാസറിന്റെ മുഖത്താണ് പരിക്കേറ്റത്.
റെയില്‍വെ പൊലീസ് നാസറിന്റെ മൊഴിയെടുത്തു. വര്‍ക്കലയില്‍ ഇന്നലെ രാത്രി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയില്‍ യാത്രക്കാരന്‍ ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്കില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ട്രെയിനിലെ സഹയാത്രക്കാര്‍ പ്രതിയെ പിടികൂടി പൊലീസിന് കൈമാറി.
സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി സുരേഷ് പൊലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കി. കോട്ടയത്തു നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.



