വിയറ്റ്നാം സന്ദർശനത്തിൽ ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ മുഖത്ത് ഭാര്യ അടിച്ചോ? വൈറലായി സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങള്‍

പാരിസ് : വിയറ്റ്‌നാമിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, ഭാര്യയുടെ കയ്യിൽ നിന്നും ‘അടി കിട്ടുന്നതാണ്’ ദൃശ്യങ്ങളിലുള്ളത്.
കിട്ടിയത് അടി തന്നെയാണോ എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ചോദ്യം. വിയറ്റ്‌നാം സന്ദർശനത്തിനായി എത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്റും ഭാര്യ ബ്രിജിറ്റ് മാക്രോണും. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയ് വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോൺ വിമാനമിറങ്ങിയത്. ഫ്രഞ്ച് എയര്‍ഫോഴ്സ് വണിന്റെ ഡോര്‍ തുറന്നതിന് പിന്നാലെയാണ്, കൈകള്‍, മാക്രോണിന്റെ മുഖത്ത് പതിക്കുന്നത്.
ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ ഈ കൈകള്‍ ആരുടേതെന്ന് വ്യക്തമല്ല. എന്നാല്‍ ‘അടികിട്ടിയതിന്റെ’ അമ്പരപ്പ് മാക്രോണിന്റെ മുഖത്ത് വ്യക്തവുമാണ്. പിന്നാലെ താഴെയുള്ളവരെ പുഞ്ചിരിച്ച് അദ്ദേഹം അഭിവാദ്യം ചെയ്യുന്നുമുണ്ട്. ഇരുവരും ഒരുമിച്ചാണ് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതും.
അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ഫ്രഞ്ച് മാധ്യമങ്ങളും ദൃശ്യങ്ങൾ ഏറ്റെടുത്തു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവർക്കും വിഷമം തോന്നാത്തൊരു ‘ഉന്തുംതള്ളും’ മാത്രമാണ് ഇതെന്നുമായിരുന്നു പ്രസിഡന്റുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയത്. അതേസമയം, ഒരാഴ്ച നീണ്ടുനിൽക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം കുറിക്കാൻ മാക്രോൺ വിയറ്റ്നാമിലെത്തിയത്. യാത്രയുടെ ഭാഗമായി അദ്ദേഹം ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിക്കും.