അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസ് ഡെമോക്രാറ്റിൻ്റെ ഔദ്യോഗിക സ്ഥാനാർഥി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനെ കടന്നാക്രമിച്ചായിരുന്നു കമലയുടെ പ്രസംഗം. ഇസ്രായേലിന് പിന്തുണ ആവർത്തിച്ച കമല ഗസ്സയിലെ ദുരിതം അവസാനിക്കുമെന്നും വ്യക്തമാക്കി.
‘ഗൗരവമില്ലാത്ത നേതാവാണ് ട്രംപ്, എന്നാൽ ട്രംപ് പ്രഡിഡന്റായ കാലം അമേരിക്കക്ക് ഗൗരവമേറിയതായിരുന്നു. അക്രമവും കൊലയും വർധിച്ചു. പരാജയപ്പെട്ടപ്പോൾ കലാപത്തിനും ആഹ്വാനം ചെയ്തു.’- വിദേശ നയം മുതൽ ഗർഭഛിദ്രം വരെയുള്ള വിഷയങ്ങളിലെ ട്രംപിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ചായിരുന്നു കമലാ ഹാരിസിന്റെ പ്രസംഗം.
‘ഗർഭച്ഛിദ്രം, വോട്ടവകാശം, കുടിയേറ്റം എന്നിവയിൽ നിയമനിർമാണം നടപ്പാക്കും. ഈ തെരഞ്ഞെടുപ്പ് ഭൂതകാലത്തിലെ വിദ്വേഷവും ഭിന്നിപ്പും കടന്ന് പോകാനുള്ള അവസരമാണ്.’ ട്രംപിനെ വീണ്ടും അധികാരത്തിലേറാൻ അനുവദിക്കില്ലെന്നും കമല പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷന്റെ സമാപനത്തിലായിരുന്നു കമല നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഗസ്സ യുദ്ധത്തിൽ ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ കമലയും ആവർത്തിച്ചു. എന്നാൽ ഫലസ്തീൻ ജനതക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭിക്കും, പ്രസിഡന്റ് ബൈഡനും താനും രാപകലില്ലാതെ പരിശ്രമിക്കുന്നത് യുദ്ധം അവസാനിപ്പിക്കാനാണെന്നും കമല പറഞ്ഞു. ഇതിനിടെ ഇസ്രായേൽ പിന്തുണക്കെതിരെ മുദ്രവാക്യങ്ങളും മുഴങ്ങി.
വിവാഹ വാർഷിക ദിനത്തിലെ പ്രസംഗത്തിൽ ജീവിത പങ്കാളി ഡഗ്ലസ് എമോഫിന് ആശംസയും കമല നേർന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസുൾപ്പെടെ പ്രമുഖരും കൺവെൻഷനിൽ പങ്കെടുത്തു. ജയിച്ചാൽ അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്റാകും കമല ഹാരിസ്.