ദേശീയം

പഹല്‍ഗാം ഭീകരാക്രമണം : മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍

ശ്രീനഗര്‍ : കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും. ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

നാലു ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാ​ഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button