ഹോങ്കോങ്ങ് വാങ് ഫുക് പാർപ്പിട സമുച്ചയ തീപിടിതത്തിൽ മരണം 44 ആയി; 279 പേരെ കാണാതായി, മൂന്നുപേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങ് : ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. പരിക്കേറ്റ 50 ഓളം പേരുടെ നില ഗുരുതരമാണ്. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളില്‍ ഏറ്റവും ഉയര്‍ന്ന അളവായ ലെവല്‍ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോര്‍ട് എന്ന ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്.
പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം. 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുളകൊണ്ടുള്ള മേല്‍ത്തട്ടിയില്‍ തീ പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 8 ടവറുകളിലായി 2,000 പേര് താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണിത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.



