അപകടകാരിയായ കടൽജീവി ഫ്ലോട്ടിങ് ടെറർ യുകെ തീരത്ത്; അടിയന്തര ജാഗ്രതാ നിർദേശം

ലണ്ടൻ : അപകടകാരിയായ പോർച്ചുഗീസ് മാൻ ഓ വാർ എന്ന കടൽജീവി യു.കെ.യിലെ ബീച്ചുകളിൽ വ്യാപകമായി അടിഞ്ഞതിനെ തുടർന്ന് പൊതുജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകി. ‘ഫ്ലോട്ടിങ് ടെറർ’ എന്ന് വിളിപ്പേരുള്ള ഈ ജീവിയുടെ വിഷമുള്ള കൈകൾ മരിച്ചതിന് ശേഷവും കുത്തേൽപ്പിക്കാൻ കഴിവുള്ളവയാണ്.
വെയിൽസിലെ പ്രശസ്തമായ അബറവോൺ ബീച്ചിലും മറ്റ് വെൽഷ് തീരങ്ങളിലും ഈ ജീവികളെ കണ്ടെത്തിയതായി പോർട്ട് ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജെല്ലിഫിഷാണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന പോർച്ചുഗീസ് മാൻ ഓ വാറിൻ്റെ കുത്തേൽക്കുന്നത് തീവ്രമായ വേദന, തടിപ്പ്, പനി, ചിലപ്പോൾ ശ്വാസതടസ്സം, ഷോക്ക് എന്നിവയ്ക്കും അപൂർവമായി മാരകമായ അലർജി പ്രതികരണങ്ങൾക്കും കാരണമാകും.
ഇതിന് പർപ്പിൾ നിറത്തിലുള്ള ഒരു വലിയ ഭാഗവും നീല നിറത്തിലുള്ള നീളൻ വിഷമുള്ള കൈകളുമുണ്ട്. ഇതിന് നീന്താൻ കഴിയില്ല. ശക്തമായ കാറ്റിലും തിരമാലകളിലുമാണ് ഇവ തീരത്തടിയുന്നത്. തീരത്തടിഞ്ഞ അപകടകരമായ ഈ ജീവികളെ നീക്കം ചെയ്യുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശമുണ്ടെങ്കിലും അദ്ഭുതകരമായ കടൽ ജീവിയെ കാണാനും ജനങ്ങൾ എത്തുന്നുണ്ട്.



