‘വിഫ’ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക്; കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ

ന്യൂഡൽഹി : പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും മഴ/കാറ്റ് ശക്തി പ്രാപിച്ചേക്കും .
ഞായറാഴ്ച രൂപംകൊണ്ട വിഫ ചുഴലിക്കാറ്റ് ചൈന, കൊറിയ വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ഉണ്ടായ ശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായി. ഇവിടെ ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപാർപ്പിച്ചത്. ഹോങ്കോങ്ങിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. യാങ്ജ്യാങ്, ഹാൻജ്യാങ്, മവോമിങ് എന്നീ നഗരങ്ങൾ മഴയിൽ മുങ്ങി. 6.5 ലക്ഷത്തിലധികം പേരെയാണ് മാറ്റിപാർപ്പിച്ചത്. ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും, ഷെൻജെൻ, ജുഹായി, മകാവു വിമാനത്താവളങ്ങളിൽ നിന്നും 400ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതോടെ നിരവധി യാത്രക്കാരും പ്രതിസന്ധിയിലായിരുന്നു.