ചെന്നൈ : തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വില്ലുപുരത്തും പുതുച്ചേരിയിലും റെക്കോര്‍ഡ് മഴ. ഇന്ന് രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത് 490 മില്ലീമീറ്ററും മഴ പെയ്തു. 2015ല്‍ ചെന്നൈയില്‍ പെയ്ത 494 മില്ലീമീറ്റര്‍ മഴയാണ് ഇതിനു മുമ്പ് പെയ്ത റെക്കോര്‍ഡ് മഴ. 24 മണിക്കൂറിനിടെ പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ 48.37 സെന്ര്‍റിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 1978ലെ 31.9 സെന്റിമീറ്റര്‍ മഴക്കണക്കാണ് മറികടന്നത്.
സംസ്ഥാനത്ത് വില്ലുപുരം, കടലൂര്‍, കല്ലുറിച്ചി, തിരുവണ്ണാമലൈ, പുതുച്ചേരി ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, വടക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. കടലൂരില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്ക്, വില്ലുപുരത്ത് നിന്ന് 40 കിലോമീറ്റര്‍ കിഴക്കും ചെന്നൈയുടെ തെക്ക്-തെക്ക് പടിഞ്ഞാറ് 120 കിലോമീറ്റര്‍ പുതുച്ചേരിക്ക് സമീപം അതേപ്രദേശത്ത് നിലകൊള്ളുകയാണ്.
ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങി ക്രമേണ ദുര്‍ബലമാവുകയും വടക്കന്‍ തീരപ്രദേശമായ തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത 6 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ആര്‍എംസി) ഡയറക്ടര്‍ എസ് ബാലചന്ദ്രന്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി പുതുച്ചേരിക്ക് സമീപമുള്ള കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടത്. തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ തമിഴ്നാട്ടിലെ തീരജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വൈകീട്ട് 5.30 വരെയുള്ള 24 മണിക്കൂറില്‍ 18 സെന്റീമീറ്ററിലധികം മഴയാണ് ചെന്നൈയില്‍ പെയ്തത്.