അന്തർദേശീയം

പിടിഐ പ്രതിഷേധം; റാവൽപിണ്ടിയിൽ കർഫ്യൂ

റാവൽപിണ്ടി : ആദിയാല ജയിലിൽ തടവിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും, റാലികളും, കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്താണു തീരുമാനം. ഇമ്രാൻഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

ഇമ്രാൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും ചില സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാർത്ത നിഷേധിച്ച അധികൃതർ ഇമ്രാൻഖാനെ കാണാൻ കുടുംബത്തെ അനുവദിച്ചിട്ടില്ല. സർക്കാരിന് എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ളതിനാലാണ് ആരെയും കാണാൻ അനുവദിക്കാത്തതെന്നാണ് തെഹ്‌രികെ ഇൻസാഫ് നേതാക്കൾ പറയുന്നത്.

ഇമ്രാനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദിയാല ജയിലിനുപുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറീൻ നിയാസി എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും മർദിക്കുകയും ചെയ്തതിരുന്നു. ഇതോടെ, ഇമ്രാൻ മരിച്ചതായ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് ജയിലിനു മുന്നിലേക്ക് ഒഴുകിയെത്തിയത്. ഒരു മാസത്തിൽ അധികമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button