സിപിഎമ്മിന്റെ തരിഗാമിക്ക് ജമ്മുകാശ്മീരിലെ കുൽഗാമിൽ തുടർച്ചയായ അഞ്ചാം വിജയം
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ഉറപ്പിച്ച് സിപിഎം സ്ഥാനാര്‍ഥി യൂസഫ് തരിഗാമി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കുല്‍ഗാമില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമി 7838 വോട്ടുകൾക്കാണ് ജയിച്ചത് . ആർ.എസ്.എസ് പിന്തുണയോടെ മത്സരിച്ച ജമാഅത്തെ ഇസ്‍ലാമി നേതാവ് സയാർ അഹമ്മദ് റിഷിയെയാണ് തരിഗാമി പരാജയപ്പെടുത്തിയത്.തരിഗാമി 33634വോട്ടുകൾ നേടിയപ്പോൾ സയാർ അഹമ്മദ് 25796വോട്ടുകൾ നേടി.
1996, 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമില്‍ തുടര്‍ച്ചയായി നാല് തവണ വിജയിച്ചിട്ടുള്ള നേതാവാണ് 75കാരനായ തരിഗാമി . സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി അഞ്ചാം ജയം തേടിയാണ് ഇത്തവണ ഇറങ്ങിയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019ല്‍ മാസങ്ങളോളം തരിഗാമിയെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇന്ത്യാ സഖ്യം 52 സീറ്റില്‍ മുന്നിലാണ്. ബിജെപി 26 സീറ്റിലും പിഡിപി നാല് സീറ്റിലും മറ്റുള്ളവര്‍ എട്ടു സീറ്റിലും ലീഡു ചെയ്യുകയാണ്.