
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായ റസല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ജനുവരിയില്‍ പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസൽ സിപിഎം അമരത്തേക്കെത്തിയത്.
വിഎന്‍ വാസവന്റെ പിന്‍മുറക്കാരാനായാണ് റസല്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ചങ്ങനാശേരി സ്വദേശിയായ റസല്‍ വിദ്യാര്‍ഥി – യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഎം നേതൃരംഗത്തേക്കുള്ള കടന്നുവരവ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. 1981ല്‍ സിപിഎം അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.
ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ൽ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000 –05ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എകെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ചാരുലത മകള്‍. മരുമകന്‍ അലന്‍ ദേവ്.