കേരളം

ഓപ്പറേഷന്‍ സിന്ദൂർ; ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ് : സിപിഐഎം

തിരുവനന്തപുരം : രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹല്‍ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. പ്രകോപനത്തിന്റെ ഭാഗമായാണ് ഭീകരവാദികള്‍ ഇന്ത്യയുടെ മണ്ണില്‍ കടന്നാക്രമണം നടത്തിയത്. തീവ്രവാദ പ്രസ്ഥനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനതയും ആഗ്രഹിച്ചു. ലോകരാഷ്ട്രങ്ങളും ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരായിട്ടുള്ള ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നത്. സൈന്യം അതിന് ശ്രമിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായവരെ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം തുടരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരവാദ ക്യാമ്പുകള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

ഈ നടപടികള്‍ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായവരെ കൈമാറാനും ഭീകരവാദ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം തുടരണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button