മാജിക് മഷ്റൂം ലഹരിയിൽ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച പൈലറ്റിന് ശിക്ഷാ ഇളവ് നൽകി കോടതി

പോർട്ട്‌ലാൻഡ് : 83 യാത്രക്കാർക്കും ജീവനക്കാർക്കുമൊപ്പം പറന്ന അലാസ്ക എയർലൈൻസ് വിമാനം തകർക്കാൻ ശ്രമിച്ച കേസിൽ പൈലറ്റിന് ശിക്ഷാ ഇളവ്. സിയാറ്റിലിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന ഹോറൈസൺ എയറിന്‍റെ എമ്പ്രേയർ ഇ75 റീജിയണൽ ജെറ്റിന്‍റെ കോക്ക്പിറ്റിൽ ജമ്പ് സീറ്റിലിരുന്ന് ജോസഫ് എമേഴ്സൺ എന്ന പൈലറ്റാണ് ഈ അതിക്രമം നടത്തിയത്. മാജിക് മഷ്റൂംസ് ഉപയോഗിച്ച് ലഹരിയിലായിരുന്ന ഒരു ഓഫ്-ഡ്യൂട്ടി പൈലറ്റിന്‍റെ അടുത്തിടെ പുറത്തുവന്ന കോക്ക്പിറ്റ് ഓഡിയോയിൽ വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ച നിമിഷങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2023 ഒക്ടോബറിലാണ് സംഭവം നടന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റ് എമേഴ്സണിനോട് എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നത് ഓഡിയോയിൽ കേൾക്കാം. ഇതിനുശേഷം, പിടിവലിയുടെ ശബ്‍ദങ്ങളും തെറി വിളികളും കേൾക്കുന്നു. പൈലറ്റ് ഞെട്ടലോടെ ചോദിച്ചു, “ഡ്യൂഡ്, എന്താണ് നടക്കുന്നത്?!” “ഹോറൈസൺ, ഞങ്ങൾക്ക് ഒരു അടിയന്തര ലാൻഡിംഗ് നടത്തേണ്ടതുണ്ട്,” ശ്വാസമടക്കിപ്പിടിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളർമാരോട് പറഞ്ഞു. ഒരു ജമ്പ് സീറ്റിലിരുന്നയാൾ ഞങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചു. ഞങ്ങൾ ഉടൻ പോർട്ട്‌ലാൻഡിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനം പോർട്ട്‌ലാൻഡിൽ അടിയന്തരമായി ഇറക്കിയതിന് ശേഷം, താൻ രണ്ട് ദിവസം മുൻപ് കഴിച്ച മാജിക് മഷ്റൂംസിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന് എമേഴ്സൺ വെളിപ്പെടുത്തി. എമേഴ്സണെ കൈവിലങ്ങണിയിച്ച് വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. വിമാനത്തിൽ യാത്രക്കാർ പൂർണ്ണമായതിനാലാണ് എമേഴ്സൺ ഓഫ്-ഡ്യൂട്ടി പൈലറ്റ് ആയിരുന്നിട്ടും കോക്ക്പിറ്റിലെ ജമ്പ് സീറ്റിൽ ഇരുന്നത്. താൻ വലിച്ച എഞ്ചിൻ ഷട്ട്-ഓഫ് ഹാൻഡിലുകൾ തീപിടിത്തമുണ്ടായാൽ ഇന്ധനം നിർത്താൻ ഉപയോഗിക്കുന്നവയാണെന്ന് എമേഴ്സൺ പിന്നീട് സിബിഎസ് ന്യൂസിനോട് പറഞ്ഞു. “ഞാൻ ഒരു സ്വപ്നത്തിലോ അബോധാവസ്ഥയിലോ ആയിരുന്നു. ഹാൻഡിലുകൾ വലിക്കുന്നത് എന്നെ ഉണർത്തുമെന്ന് ഞാൻ കരുതി. അത് എന്നെ ഉണർത്തിയില്ല, പക്ഷേ അത് സത്യമായിരുന്നു. ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രത്യാഘാതമുണ്ടാക്കിയ മൂന്ന് സെക്കൻഡുകളാണ്,” എമേഴ്സൺ പറഞ്ഞു.
ഫ്ലൈറ്റ് ക്രൂവിന്‍റെ പ്രവർത്തനത്തിൽ ഇടപെട്ടു എന്ന കുറ്റം എമേഴ്സൺ സമ്മതിച്ചു. എന്നാല്‍, വിമാനത്തിന് അപകടമുണ്ടാക്കി, 83 പേരുടെ ജീവന് അപകടമുണ്ടാക്കി എന്ന കുറ്റങ്ങൾ അദ്ദേഹം സമ്മതിച്ചില്ല. കുറ്റസമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ, 46 ദിവസം തടവിൽ കിടന്നത് ശിക്ഷയായി കണക്കാക്കുകയും മൂന്ന് വർഷത്തെ മേൽനോട്ടത്തിലുള്ള മോചനം കോടതി അനുവദിക്കുകയും ചെയ്തു. മറ്റ് കുറ്റങ്ങൾക്ക്, അഞ്ച് വർഷത്തെ പ്രൊബേഷനും തടവിൽ കിടന്ന കാലയളവും ശിക്ഷയായി ലഭിച്ചു.



