യുഎസിൽ ഈ വര്‍ഷം 12 ഇന്ത്യൻ ശതകോടീശ്വരൻമാർ : ഫോര്‍ബ്സ്

വാഷിംഗ്ടൺ ഡിസി : അമേരിക്കക്ക് ഈ വര്‍ഷം ഏറ്റവും കൂടുതൽ ശതകോടീശ്വരന്‍മാരെ സംഭാവന ചെയ്ത രാജ്യമായി ഇന്ത്യ . ഫോര്‍ബ്‌സിന്‍റെ 2025 ലെ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റക്കാരുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇസ്രായേലിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയത്. 12 ഇന്ത്യൻ ശതകോടീശ്വരൻമാരെയാണ് ഇന്ത്യ സംഭാവന ചെയ്തത്.
43 രാജ്യങ്ങളില്‍ നിന്നുള്ള 125 ശതകോടീശ്വര കുടിയേറ്റക്കാരാണ് ഫോബ്‌സ് പട്ടികയിലുള്ളത്.യുഎസിലെ മൊത്തം ശതകോടീശ്വരന്മാരിൽ 14 ശതമാനവും കുടിയേറ്റക്കാരാണ്. കൂടാതെ അവരുടെ കൈവശം 1.3 ട്രില്യൺ ഡോളറിന്‍റെ ആസ്തിയാണുള്ളത്. ഇത് രാജ്യത്തിന്‍റെ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്തിന്‍റെ 18% ആണ്. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ, ഇസ്രായേല്‍, തായ്‌വാന്‍, കാനഡ, ചൈന, മറ്റ് അഞ്ച് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൈബർ സുരക്ഷാ സ്ഥാപനമായ ഇസ്‌കലറിന്‍റെ സ്ഥാപകനായ ജയ് ചൗധരിയാണ്. 17.9 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്‍റെ ആസ്തി . ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ധനികരുടെ പട്ടികയില്‍ 53 കാരനായ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, 57 കാരനായ മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല, 57 കാരനായ നികേഷ് അറോറ എന്നിവരും ഉള്‍പ്പെടുന്നു. 2018 മുതല്‍ സൈബര്‍ സുരക്ഷാ കമ്പനിയായ പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്കുകള്‍ നടത്തുന്നയാളാണ് നികേഷ് അറോറ.
അമേരിക്കയിലുടനീളം സമ്പത്തും നവീകരണവും സ്വാധീനവും വളർത്തുന്നതിൽ ഇന്ത്യൻ കുടിയേറ്റക്കാർ പ്രധാന പങ്കു വഹിക്കുന്നുവെന്ന് ഫോർബ്‌സ് മാസികയുടെ 2025 ലെ അമേരിക്കയിലെ ഏറ്റവും ധനികരായ കുടിയേറ്റക്കാരുടെ പട്ടിക പറയുന്നു. ഇന്ത്യൻ വംശജരായ സംരംഭകരും പ്രൊഫഷണലുകളും യുഎസിൽ അഭിവൃദ്ധി പ്രാപിക്കുക മാത്രമല്ല അവരുടെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി സമ്പന്നമാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.2022-ൽ 92 ആയിരുന്ന വിദേശികളായ അമേരിക്കൻ ശതകോടീശ്വരന്മാരുടെ എണ്ണം ഇപ്പോൾ 125 ആയി ഉയർന്നിട്ടുണ്ട്.