വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചന ഉടന്‍
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെ തുറന്നു.
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഈ ഘട്ടത്തില്‍ എണ്ണും. അരമണിക്കൂറിനു ശേഷം സമാന്തരമായി വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. രാവിലെ ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും.
സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഓരോ ഹാള്‍ ഉണ്ടാകും. ഓരോ ഹാളിലും പരമാവധി 14 മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ്ങ് സൂപ്പര്‍വൈസര്‍ ഉണ്ടായിരിക്കും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകും മുദ്ര പൊട്ടിച്ച് വോട്ടിങ് മെഷീനുകല്‍ പുറത്തെടുക്കുക.
എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് നിര്‍ദേശം. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാകും റിസള്‍ട്ട് പ്രഖ്യാപിക്കുക. രാവിലെ 11 മണിയോടെ വിജയിയെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി.