അമിത വേഗത്തിൽ വളവ് തിരിഞ്ഞു; മൂവാറ്റുപുഴ – കാളിയാർ റൂട്ടിലെ സ്വകാര്യ ബസിൽ നിന്ന് കണ്ടക്റ്റർ റോഡിലേക്ക് തെറിച്ചു വീണു

കോതമംഗലം : പോത്താനിക്കാട് പുളിന്താനത്ത് അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്ന് കണ്ടക്റ്റർ തെറിച്ചു താഴെ വീണു. ബസിന്‍റെ ചക്രങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാലിനു പരുക്കേറ്റു. മൂവാറ്റുപുഴ – കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്റ്റർ വണ്ണപ്പുറം സ്വദേശി കണ്ണനാണു പരുക്കേറ്റത്.
മൂവാറ്റുപുഴ നിന്നു കാളിയാറിനു പോകുകയായിരുന്ന ബസ് പുളിന്താനം പാലത്തിനു സമീപമുള്ള വളവ് വീശി എടുക്കുമ്പോഴാണ് കണ്ടക്റ്റർ റോഡിലേക്ക് തെറിച്ചു വീണത്.
പിൻ ചക്രത്തിനടിയിൽ പെടാതെ തലനാരിഴയ്ക്കാണു കണ്ണൻ രക്ഷപ്പെട്ടത്. പാലത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
യാത്രക്കാർ കയറി സ്‌റ്റോപ്പിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് ബസിന്‍റെ ഡോറുകൾ അടയ്ക്കണമെന്നാണ് നിയമമെങ്കിലും ഈ റൂട്ടിലൂടെ ഓടുന്ന ബസുകളിൽ ഭൂരിഭാഗവും ഇതു പാലിക്കാറില്ലെന്നു യാത്രക്കാർ പറഞ്ഞു. ബസ് ജീവനക്കാരുടെ അശ്രദ്ധക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.