മെൽക്കർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ

തൃശൂർ : 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ. കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ (64) , ഭാര്യ വാസന്തി (60) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിവിധ ജില്ലകളിൽ നിന്നായി 4000 ലേറെ പേർ നിക്ഷേപ തട്ടിപ്പിന് ഇരയായതായാണ് പ്രാഥമിക വിവരം.
ചെന്നൈയിൽ രജിസ്റ്റർ ചെയ്ത് തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ച സ്ഥാപനം അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് കേസ്. അമിതപലിശ വാഗ്‌ദാനം ചെയ്ത് നാൽപ്പതോളം ശാഖകൾ വഴി ഇവർ കോടികൾ സമാഹരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന ഇവരെ ബുധനാഴ്‌ച കൂർക്കഞ്ചേരിയിലെ കാലങ്ങളായി അടച്ചിട്ട വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
വിവിധ സ്ഥാപനങ്ങൾ വഴിയാണ് ഇവർ ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത്. മെൽക്കർ ഫിനാൻസിനു പുറമെ മെൽക്കർ നിധി, മെൽക്കർ സൊസൈറ്റി, മെൽക്കർ ടിടിഐ ബയോഫ്യൂവൽ എന്നീ പേരുകളിൽ പ്രവർത്തിച്ചാണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചിരുന്നത്. സ്ഥിരനിക്ഷേപമായും മറ്റു പദ്ധതികളിലൂടെയും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. കൂടുതലും മുതിർന്ന പൗരന്മാരാണ് തട്ടിപ്പിൽ കുടുങ്ങിയത് എന്നാണ് അറിയുന്നത്. 50 ലക്ഷം വരെ നിക്ഷേപിച്ചവരുമുണ്ട്.