കൊച്ചിൻ ഷിപ്‌യാർഡിന് 1000 കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് എസ്ഒവി നിർമാണ ഓർഡർ

കൊച്ചി : കൊച്ചിൻ ഷിപ്‌യാർഡിന് യൂറോപ്പിൽനിന്ന് പുതിയ കപ്പൽ നിർമാണ കരാർ. ഒരു ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമാണത്തിനുമുള്ള 1000 കോടിയോളം രൂപയുടെ കരാറാണിത്. മെയ് മാസം 13 ന് പുതിയ കരാർ ലഭിച്ചുവെന്ന് കൊച്ചിൻ ഷിപ്‌യാർഡ് അറിയിച്ചു.
സുസ്ഥിര ഊർജ സംവിധാനങ്ങൾക്ക് വൻ ആവശ്യകതയുള്ള യൂറോപ്പിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഓഫ്‌ഷോർ വിൻഡ് ഫാം മേഖലയ്ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും, മറ്റു പ്രവർത്തനാവശ്യങ്ങൾക്കുമായിരിക്കും ഈ യാനം ഉപയോഗിക്കുക. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഇതിൽ സജ്ജീകരിക്കും. 2026 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ഇത്തരത്തിൽ രണ്ട് യാനങ്ങൾക്കുകൂടി ഓർഡർ ലഭിക്കാൻ സാധ്യതയുണ്ടെന്നും കൊച്ചിൻ ഷിപ്‌യാർഡ് ഓഹരിവിപണിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു.
ജനുവരിയിൽ യൂറോപ്പിൽനിന്നുതന്നെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) രൂപകൽപ്പന ചെയ്യാനും നിർമിക്കാനുമായുള്ള 500 കോടിയുടെ കരാറും കൊച്ചി കപ്പൽശാലയ്‌ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും നേടിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെത്തുന്ന യുഎസ് നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായുള്ള കരാറിലും അടുത്തിടെ ഒപ്പുവച്ചു.