ദേശീയം

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; നാല് മരണം

ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഇന്നുണ്ടായ (ചൊവ്വാഴ്ച) മേഘവിസ്ഫോടനത്തിൽ 4 പേർ മരിച്ചു. ശക്തമായ മഴയെ തുടർന്ന് ജമ്മുവിലുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയ്ക്കൊപ്പം മേഘവിസ്ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായതും ആഘാതം വർധിപ്പിച്ചു. പ്രളയ സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രദേശത്ത് ഒരു പാലം കൂടി തകർന്നു. മൊബൈൽ നെറ്റ്‌വർക്കുകൾ പൂർണമായും തകരാറിലായ നിലയിലാണ്.

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മോശമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യവും പ്രദേശത്തെത്തി. സൈന്യം ഇടപെട്ട് ഗാഡിഗഡ് പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.

നിരവധി പ്രധാന നദികൾ കരകവിഞ്ഞു. ആളുകളെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി റോഡുകൾ ഒഴുകിപ്പോയി. ഇതേ തുടർന്ന് ഹൈവേ അടക്കമുള്ള പ്രധാന റോഡുകൾ അടച്ചിട്ടു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചു.

ജമ്മു ഡിവിഷനിലുടനീളം തുടർച്ചയായ മൂന്നാം ദിവസവും മിതമായതോ കനത്തതോ ആയ മഴ തുടർന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചന്ദർകോട്ട്, കേല മോർ, റംബാൻ ജില്ലയിലെ ബാറ്ററി ചെഷ്മ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലും പാറക്കെട്ടുകളും ഇടിഞ്ഞുവീണതായും റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച്, മിർപൂർ, രജൗരി, കുൽഗാം, റിയാസി, ജമ്മു, സാംബ, കത്വ, കിഷ്ത്വാർ, ഉധംപൂർ, റംബാൻ, ദോഡ എന്നിവിടങ്ങളിൽ‌ കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button