ദേശീയം

അധ്യാപകരുടെ മാനസിക പീഡനം; ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി : ഡൽഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി. മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പതിനാറുകാരൻ ചാടിയത്. അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തനിക്ക് ചെയ്യേണ്ടിവന്നത് മറ്റൊരു കുട്ടിയും ചെയ്യാൻ നിർബന്ധിതമാവാതിരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് കുറിപ്പിൽ പറയുന്നത്. മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പ്രിൻസിപ്പലിനും മറ്റു രണ്ട് അധ്യാപകർക്കുമെതിരെ പരാതി നൽകി.

”കത്ത് ലഭിക്കുന്നവർ ഇതിലെ ഫോൺ നമ്പറിൽ വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയുടെ ഹൃദയം തകർത്തു. ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം, പക്ഷേ അധ്യാപകർ എന്നോട് മോശമായി പെരുമാറി. സ്‌കൂളിലെ അധ്യാപകർ ഇങ്ങനെയാണ്, ഞാൻ എന്ത് പറയാൻ? എന്നാൽ സ്‌കൂളിൽ നടന്ന സംഭവങ്ങൾ കാരണം തനിക്ക് മറ്റു മാർഗമില്ല. എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ അത് ആവശ്യമുള്ള ആർക്കെങ്കിലും ദയവായി ദാനം ചെയ്യണം”- വിദ്യാർഥി കത്തിൽ പറയുന്നു.

സാധാരണ പോലെ രാവിലെ 7.15ന് സ്‌കൂളിലേക്കു പോയ മകൻ മധ്യഡൽഹിയിലെ മെട്രോ സ്റ്റേഷനു സമീപം പരിക്കേറ്റ് കിടക്കുന്നെന്ന് ഉച്ചയ്ക്ക് 2.45ന് ഫോൺ വന്നു. മകനെ ബിഎൽ കപൂർ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ച ശേഷം അവിട എത്തിയപ്പോൾ മകൻ മരിച്ചെന്ന വിവരമാണ് അറിഞ്ഞത്. സ്‌കൂളിൽ നിന്നു പുറത്താക്കുമെന്ന് നാലു ദിവസമായി അധ്യാപകരിലൊരാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി അവന്റെ സഹപാഠി പറഞ്ഞു. മറ്റൊരു അധ്യാപകൻ മകനെ തള്ളി. ഒരു നാടക ക്ലാസിനിടെ മകൻ വീണപ്പോൾ അധ്യാപകരിലൊരാൾ ‘അമിതാഭിനയം’ ആണെന്ന് പറഞ്ഞ് അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു.

ഒരുപാട് ശകാരിച്ചതിനെ തുടർന്ന് അവൻ കരയാൻ തുടങ്ങി. എത്ര വേണമെങ്കിലും കരയാമെന്നും അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അധ്യാപിക പറഞ്ഞു. ഇതൊക്കെ സംഭവിക്കുമ്പോൾ പ്രിൻസിപ്പലും അവിടെ ഉണ്ടായിരുന്നെങ്കിലും തടയാൻ ഒന്നും ചെയ്തില്ല. അധ്യാപകരുടെ ഭാഗത്തുനിന്ന് മാനസിക പീഡനം നേരിടുന്നുണ്ടെന്ന് മകൻ എന്നോടും ഭാര്യയോടും പറഞ്ഞിരുന്നു. സ്‌കൂളിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ മകന്റെ പരീക്ഷകളുണ്ടായിരുന്നു. 20 മാർക്ക് സ്‌കൂളിൽ നിന്നാണ് ലഭിക്കേണ്ടത്. അതിനാൽ എനിക്ക് ഒന്നും തടസ്സപ്പെടുത്താൻ തോന്നിയില്ല, പരീക്ഷകൾ കഴിഞ്ഞാൽ അവനെ മറ്റൊരു സ്‌കൂളിൽ ചേർക്കാമെന്ന് ഉറപ്പുനൽകിയിരുന്നു – പിതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button