തീ കൊണ്ട് കളിക്കരുത്, കളിക്കുന്നവര്‍ ചാരമാകും”; യു എസിന് ചൈനയുടെ താക്കീത്
തായ് വാന്‍ ദ്വീപിനെ ചൊല്ലി പസഫിക് മേഖലയില്‍ പിരിമുറുക്കം കൂടുന്നു. ചൈന സ്വന്തം ഭൂവിഭാഗമായി കണക്കാക്കുന്ന സ്വയംഭരണ ദ്വീപിനെച്ചൊല്ലി ബീജിംഗും വാഷിംഗ്ടണും തുറന്ന സംഘര്‍ഷത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ വിര്‍ച്വല്‍ ഉച്ചകോടി നടന്നു . യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും പങ്കെടുത്ത ഉച്ചകോടി രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രയുമായി മുന്നോട്ട് പോയാല്‍ വാഷിംഗ്ടണ്‍ ‘അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുമെന്ന് , ചൈന മുന്നറിയിപ്പ് നല്കി. എന്നാല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൈനിക പിന്തുണക്കായി പെലോസി ആവശ്യപ്പെട്ടാല്‍, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായത് ഞങ്ങള്‍ ചെയ്യും’ എന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ മാര്‍ക്ക് മില്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഎസ് പ്രോട്ടോക്കോള്‍ പദവിയില്‍ രണ്ടാം സ്ഥാനത്തുള്ള പെലോസി എത്തുന്നത് തായ് വാനുള്ള അംഗീകാരമായാണ് ചൈന കാണുന്നത്. ”തീ കൊണ്ട് കളിക്കരുത് , കളിക്കുന്നവര്‍ ചാരമാകും” തായ്വാനിനെ പരാമര്‍ശിച്ച് ഷീ ജിന്‍പിംഗ് ബൈഡനോട് പറഞ്ഞതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്വാന് വിഷയത്തില്‍ ചൈനീസ് ഗവണ്മെന്റിന്റെയും ജനങ്ങളുടെയും നിലപാട് സ്ഥിരതയുള്ളതാണ്,’ ഷി പറഞ്ഞു. ‘ചൈനയുടെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത് 140 കോടിയിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണ്. യുഎസ് അത് പൂര്‍ണ്ണമായി മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ഷി ബൈഡനോട് പറഞ്ഞു.