അന്തർദേശീയം

ജനനനിരക്ക് കുറയുന്നു : വിവാഹപ്രായം കുറയ്ക്കാനൊരുങ്ങി ചൈന

ബെയ്ജിങ് : ചൈനയിലെ ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാതലത്തില്‍ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് നിര്‍ദേശം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൻ്റെ (സിപിപിസിസി) കമ്മിറ്റി അംഗം ചെൻ സോങ്‌സിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

ചൈനീസ് ദേശീയ രാഷ്ട്രീയത്തില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വേദിയാണ് സിപിസിസി. ഇവരുടെ നിര്‍ദേശങ്ങള്‍ പൊതുവെ തള്ളിക്കളയാറില്ല.

നിലവിൽ ചൈനയിൽ നിയമപരമായ വിവാഹപ്രായം പുരുഷന്മാർക്ക് 22ഉം സ്ത്രീകൾക്ക് 20ഉം ആണ്. ഇത് ലോകത്തില്‍ തന്നെ ഉയര്‍ന്ന പ്രായമാണ്. വിവാഹ പ്രായം കുറയ്ക്കുന്നതിലൂടെ പ്രത്യുൽപാദന ശേഷി വര്‍ധിക്കുമെന്നും അങ്ങനെ ജനസംഖ്യ കുറയുന്നുകൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ചെൻ സോങ്‌സി വ്യക്തമാക്കുന്നു.

പ്രസവവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം തന്നെ സ്ഥാപിക്കണമെന്നും ചെൻ സോങ്‌ നിര്‍ദശിക്കുന്നു. ചൈനയിലെ ജനസംഖ്യയില്‍ തുടർച്ചയായി മൂന്നാം വർഷവും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ 2024ൽ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങൾ അഞ്ചിലൊന്നായി കുറയുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സിപിപിസിസി അംഗം ഇങ്ങനെയൊരു നിര്‍ദേശം വെക്കുന്നത്.

1980നും 2015നും ഇടയിൽ നടപ്പാക്കിയ ‘നാം രണ്ട് നമുക്ക് ഒന്ന്’ എന്ന നയമാണ് ചൈനക്ക് ജനസംഖ്യാപരമായി ഇപ്പോള്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. 2021ൽ മൂന്ന് കുട്ടികൾ വരെ ആകാമെന്ന് തിരുത്തിയെങ്കിലും ഒരു ചലനവും സൃഷ്ടിച്ചില്ല. ജനനനിരക്ക് കുറയുന്ന പ്രവണതയാണ് പിന്നീടുള്ള വര്‍ഷങ്ങളിലും കണ്ടത്. രാജ്യത്തെ നിയമപരമായ വിവാഹപ്രായം അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടണമെന്നും ഒരു കുടുംബത്തിന് ഉണ്ടാകാവുന്ന കുട്ടികളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ജനസംഖ്യ ഉയർത്തുന്നതിനാവശ്യമായ നയങ്ങൾ നടപ്പിലാക്കി അടുത്ത പത്ത് വർഷത്തിനുള്ളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഒരു പ്രത്യേക പ്രായമെത്തുന്നത് വരെ ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികൾക്ക് പ്രതിമാസം പണം അനുവദിക്കുക, വൈദ്യസഹായം ഉറപ്പാക്കുക തുടങ്ങിയവ നടപ്പാക്കാമെന്നും ചെൻ സോങ്‌സി നിര്‍ദേശിക്കുന്നു.

അതേസമയം പ്രായമായവരുടെ എണ്ണം കൂടുന്നതാണ് വരും വര്‍ഷങ്ങളില്‍ ചൈന നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. 2050 ഓടെ 65 വയസും അതിൽ കൂടുതലുമുള്ളവരുടെ അനുപാതം 29.5 ശതമാനമായും 2086 ഓടെ ഇത് 42.4 ശതമാനമായും ഉയരുമെന്നുമാണ് കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button